കൊച്ചി: സര്‍ക്കാര്‍ മനസ് വച്ചാല്‍ വെറും പത്ത് മിനിറ്റില്‍ തീര്‍ക്കാവുന്ന വിഷയമാണ് മുനമ്പം ഭൂമി പ്രശ്‌നമെന്നും അത് നീട്ടിക്കൊണ്ട് പോകുന്നത് നല്ലതിനല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുനമ്പത്ത് തുടരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര പന്തലിലെത്തിയതായിരുന്നു വി.ഡി സതീശന്‍.
മുനമ്പത്തെ ജനങ്ങള്‍ക്കായി യുഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും പ്രതിഷേധം. മുനമ്പത്ത് രണ്ട് മതങ്ങളെ തമ്മില്‍ അടിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെന്നും അദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം മൂലം 2022 വരെ പ്രശ്‌നം ഇല്ലായിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്നത് വ്യക്തമാണ്. സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനോട് ആ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തന്നെ പറയണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
പിന്നീട് ഇത് കോടതിയില്‍ പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്ന് അദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷം ആദ്യം പിന്തുണ നല്‍കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.