കാഞ്ഞിരപ്പള്ളി: ഏലമല കാടുകളില്‍ വനം വകുപ്പിന്റെ ഉടമസ്ഥാവകാശ വാദങ്ങള്‍ സംബന്ധിച്ചുള്ള കേസ് ഉടന്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ വരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍.
ഏലമല കാടുകള്‍ വന ഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
പതിറ്റാണ്ടുകളായി കര്‍ഷകര്‍ അധിവസിക്കുന്ന പ്രദേശത്ത് നിന്നും അവരെ കുടിയിറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുന്‍കാല വീഴ്ചകളുടെ പേരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയരുമ്പോള്‍ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനാകണമെന്നും അദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും കുടിയേറ്റ ജനതയെ സംരക്ഷിക്കുന്നതിനുള്ള ന്യായമായ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട പരിസ്ഥിതിലോല അന്തിമ വിജ്ഞാപനം വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.