വത്തിക്കാൻ സിറ്റി: ഫ്രാൻസിന്റെ ഭാഗമായ കോർസിക്ക ദ്വീപ് ഇന്ന് ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ 47-ാമത് അപ്പസ്തോലിക പര്യടനമാണിത്. കോർസിക്ക സന്ദർശനം പത്ത് മണിക്കൂർ മാത്രം നീളുന്നതാണ്. ഒരു മാർപാപ്പ ആദ്യമായാണ് ഫ്രാൻസിലെ ഏറ്റവും ദരിദ്ര പ്രദേശമായ കോർസിക്ക സന്ദർശിക്കുന്നത്.
രാവിലെ ഒമ്പത് മണിക്ക് വിമാനമിറങ്ങിയതിന് ശേഷം കോർസിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ പരിപാടി അജാസിയോയുടെ കോൺഫറൻസ് സെന്ററിലായിരിക്കും നടക്കുന്നത്. അവിടെ പാപ്പ മെഡിറ്ററേനിയൻ മേഖലയിലെ ജനകീയഭക്തിയെക്കുറിച്ച് – ആരാധനാക്രമത്തിനു പുറമെയുള്ള വിശ്വാസത്തിന്റെ പ്രകടനങ്ങൾ – (popular piety) എന്ന കോൺഫറൻസിൽ സമാപന സന്ദേശം നൽകും. തുടർന്ന് ഔവർ ലേഡി ഓഫ് അസംപ്ഷൻ കത്തീഡ്രലിൽ മാർപാപ്പ പ്രാദേശിക വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്യും. അവിടെ ആഞ്ചലൂസ് പ്രാർഥനയ്ക്കും പാപ്പ നേതൃത്വം നൽകും.
തുടർന്ന് ഉച്ച ഭക്ഷണത്തിനും കുറച്ച് സമയം വിശ്രമത്തിനും ശേഷം ഫ്രാൻസിസ് പാപ്പ നെപ്പോളിയൻ ബോണപാർട്ടിന്റെ ജന്മസ്ഥലത്തെ സ്മരിക്കുന്ന പാർക്കായ പ്ലേസ് ഡി ഓസ്റ്റർലിറ്റ്സിൽ വിശുദ്ധ കുർബാന അർപ്പിക്കും. അതിന് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടർന്ന് ഏഴ് മണിയോടെ ഫ്രാൻസിസ് മാർപാപ്പ റോമിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോർസിക്ക
മെഡിറ്ററേനിയൻ കടലിലെ ഒരു ദ്വീപാണ് കോർസിക്ക. ഇത് ഇറ്റലിയുടെ പ്രധാന ഭൂപ്രദേശത്തിന് പടിഞ്ഞാറും ഇറ്റാലിയൻ ദ്വീപായ സാർഡിനിയയുടെ വടക്കുഭാഗത്തും സ്ഥിതിചെയ്യുന്നു. ചക്രവർത്തി നെപ്പോളിയൻ ബോണപാർട്ട് ജനിച്ചത് തലസ്ഥാന നഗരമായ അജാസിയോയിൽ ആണ്. 1769 ൽ ഈ ദ്വീപ് ഫ്രാൻസ് പിടിച്ചെടുത്തു.
കോർസിക്കനൊപ്പം ദ്വീപിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ ഫ്രഞ്ച് ആണ്. ചില പ്രദേശങ്ങളിലെ ആളുകൾ ഒരു പ്രാദേശിക ഇറ്റാലോ-ഡാൽമേഷ്യൻ ഭാഷയും സംസാരിക്കുന്നു.