വത്തിക്കാൻ സിറ്റി: കത്തോലിക്കാ വിശ്വാസത്തെ പ്രതി 2024 ൽ മാത്രം മിഷനറിമാരും അത്മായരുമായി 13പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വത്തിക്കാനിലെ മിഷനറി വാർത്താ ഏജൻസിയായ ഫീദെസ് ആണ് വിശ്വാസത്തെ പ്രതി ജീവൻ നഷ്ടപ്പെട്ടമായവരുടെ വിവരങ്ങൾ പുറത്തുവിട്ടത്.
13 പേരാണ് ഈ വർഷം ക്രൈസ്തവ സാക്ഷ്യം നൽകിയതിന് കൊല്ലപ്പെട്ടത്. ഇതിൽ എട്ട് വൈദികരും അഞ്ച് അത്മായരും ഉൾപ്പെടുന്നു. ആഫ്രിക്കയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ് പതിനൊന്നോളം രക്തസാക്ഷിത്വങ്ങൾ നടന്നിട്ടുള്ളത്. യൂറോപ്യൻ ഭൂഖണ്ഡത്തിൽ രണ്ട് വൈദികർ വിശാസ അസഹിഷ്ണുതയുടെ ഭാഗമായി ക്രൂരമായി കൊല്ലപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ഇരുപത്തിനാല് വർഷങ്ങൾക്കുള്ളിൽ ലോകത്തിൽ ആകെ 608 ആളുകളാണ് വിശ്വാസത്തിന് വേണ്ടി ജീവൻ ത്യാഗം ചെയ്തത്. ആഫ്രിക്കയിലെ ബുർക്കിനോ ഫാസോ, കാമറൂൺ, കോംഗോ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് കൂടുതൽ ആളുകൾ കൊല്ലപ്പെട്ടത്. അമേരിക്കയിലെ കൊളമ്പിയ, എക്വദോർ, ഹോണ്ടുറാസ്, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിലും മിഷനറിമാർക്ക് തങ്ങളുടെ വിശ്വാസ സംരക്ഷണത്തിന് വേണ്ടി ജീവൻ ദാനമായി നൽകേണ്ടി വന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മുസ്ളീം തീവ്രവാദ സംഘങ്ങളിൽ നിന്നുള്ള നിരന്തരമായ ആക്രമണങ്ങൾ ക്രിസ്ത്യൻ സമൂഹങ്ങളെ ഭീഷണിപ്പെടുത്തുന്നത് തുടരുകയാണ്. ബുർക്കിന ഫാസോയിൽ രണ്ട് ഇടയ തൊഴിലാളികളും ഫ്രാങ്കോയിസ് കബോർ എന്ന 55 കാരനായ സന്നദ്ധപ്രവർത്തകനും ഫെബ്രുവരിയിൽ നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. പ്രമുഖ കാറ്റക്കിസ്റ്റ് ആയിരുന്ന എഡ്വാർഡ് സോട്ടിയെംഗ യഗ്ബാരെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും 2024ലാണ്.
ദക്ഷിണാഫ്രിക്കയിൽ ആഴ്ചകളുടെ ഇടവേളയിൽ രണ്ട് വൈദികർ വെടിയേറ്റു കൊല്ലപ്പെട്ട ദാരുണ സംഭവം നടന്നതും ഈ വർഷമാണ്. മാർച്ച് 13 ന് സാനീൻ കത്തീഡ്രലിൽ വിശുദ്ധ കുർബാന നടത്താനുള്ള തയ്യാറെടുപ്പിനിടെ ഫാദർ വില്യം ബാൻഡയും ഏപ്രിൽ 27 ന് പ്രിട്ടോറിയയിൽ ഫാദർ പോൾ ടാറ്റു ആണ് കൊല്ലപ്പെട്ടത്.
കവർച്ചകൾക്കിടയിലും പള്ളിയുടെ സ്വത്തുക്കൾ ആക്രമിക്കുമ്പോഴും നിരവധി മരണങ്ങൾ സംഭവിച്ചു. പോളണ്ടിൽ 72 കാരനായ ഫാദർ ലെച്ച് ലച്ചോവിക്‌സ് തന്റെ റെക്‌റ്ററിയിൽ നുഴഞ്ഞുകയറിയ അക്രമിയുടെ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടു. സ്‌പെയിനിൽ 76 കാരനായ ഫ്രാൻസിസ്‌ക്കൻ വൈദികൻ ഫാദർ ജുവാൻ അന്റോണിയോക്ക് ലോറെന്റെ ഗിലെറ്റിലെ ആശ്രമത്തിൽ നടന്ന ആക്രമണത്തിൽ ജീവൻ നഷ്ടമായി.
2024 ൽ രക്തസാക്ഷികളായി ക്രൈസ്തവ വിശ്വാസ മാതൃക നൽകിയവരിൽ കൂടുതലും മധ്യവയസ്കരും യുവജനങ്ങളും ആണെന്നത് ഇന്നും ലോകത്തിൽ യുവ ക്രൈസ്തവർ നൽകുന്ന ജീവിത സാക്ഷ്യം ഓർമ്മപ്പെടുത്തുന്നതാണ്. 2023 ൽ ഇരുപത് പേരായിരുന്നു ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി കൊല്ലപ്പെട്ടത്.