കേരളം ചോദിച്ചത് 17,600 കോടി, അനുവദിച്ചത് 8,000 കോടി; മാര്‍ച്ചില്‍ നട്ടംതിരിയും

 കേരളം ചോദിച്ചത് 17,600 കോടി, അനുവദിച്ചത് 8,000 കോടി; മാര്‍ച്ചില്‍ നട്ടംതിരിയും

തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തേക്ക് 17,600 കോടികൂടി കടമെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം അനുവദിച്ചത് 8000 കോടി. തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം വീണ്ടും കത്തയയ്ക്കും.

കഴിഞ്ഞ ദിവസമാണ് 8000 കോടി അനുവദിച്ച് കത്ത് ലഭിച്ചത്. ഇതില്‍ 2500 കോടി രൂപ കടമെടുക്കാന്‍ കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ചു. ചൊവ്വാഴ്ചയാണ് കടപ്പത്രങ്ങളുടെ ലേലം. കൂടുതല്‍ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാവും. സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ചില്‍ ചെലവുകള്‍ ഇനിയും വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതിനകം പദ്ധതിച്ചെലവുകള്‍ 50 ശതമാനം വരെ കുറച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ മുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന വാഗ്ദാനവും സര്‍ക്കാരിന് പാലിക്കാനാവില്ല.

വൈദ്യുതി മേഖലയില്‍ പരിഷ്‌കരണ നടപടികള്‍ ഏറ്റെടുത്തതിനുള്ള അധിക വായ്പയായ 6250 കോടി ഉള്‍െപ്പടെ 17,600 കോടി രൂപ ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നുമാസത്തേക്ക് അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. പി.എഫ് ഉള്‍പ്പെടെ ട്രഷറിയിലെ വിവിധതരം നിക്ഷേപങ്ങള്‍ ഉള്‍പ്പെടുന്ന പബ്ലിക് അക്കൗണ്ടും ആഭ്യന്തര വരുമാനവും കണക്കാക്കിയതിലെ തിരുത്തലുകള്‍ക്കനുസരിച്ചാണ് ഇത്രയും തുകയ്ക്ക് കൂടി അര്‍ഹതയുണ്ടെന്ന് കേരളം വാദിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.