ഭാവഗായകന് വിട നൽകി കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു

ഭാവഗായകന് വിട നൽകി കേരളം; ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു

തൃശൂർ: ഭാവഗായകൻ പി​. ജയചന്ദ്രന് വിട നൽകി കേരളം. വടക്കൻ പറവൂരിലെ ചേന്ദമംഗംലം പാലിയം തറവാട്ടിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ഭൗതികദേഹം കുടുംബ ശ്മശാനത്തിൽ എത്തിച്ചതിന് പിന്നാലെ ആചാരപരമായ ചടങ്ങുകൾ നടത്തിയതിന് ശേഷം ​ഗാർഡ് ഓഫ് ഓണർ നൽകി. മലയാളത്തിന്റെ പ്രിയശബ്ദത്തിന് എല്ലാ ആദരവോടും കൂടി നാട് വിടചൊല്ലി.

മന്ത്രിമാരും പ്രതിപക്ഷ നേതാവും അടക്കമുള്ളവർ സംസ്കാര ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈകിട്ട് മൂന്നരയോടെ സംസ്കാരം നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മുൻപേ ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്‌ക്ക് ഒന്നേകാലോടെ ജയചന്ദ്രന്റെ മകൻ ദിനനാഥൻ ചിതയ്‌ക്ക് തീ കൊളുത്തി.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ തൃശൂർ അമല ആശുപത്രിയിലായിരുന്നു അദേഹത്തിന്റെ അന്ത്യം. വെള്ളിയാഴ്ച മുഴവൻ പൊതുദർശനമുണ്ടായിരുന്നു. തൃശൂരിലെ സം​ഗീത നാടക അക്കാദമിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരക്കണക്കിന് പേരാണ് ജയചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. പൂങ്കുന്നത്തെ വീട്ടിലും പൊതുദർശനമുണ്ടായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.