പത്തനംതിട്ടയില്‍ കായിക താരത്തെ പീഡിപ്പിച്ച സംഭവം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസറ്റില്‍

പത്തനംതിട്ടയില്‍ കായിക താരത്തെ പീഡിപ്പിച്ച സംഭവം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസറ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ 18 കാരിയെ അഞ്ച് വര്‍ഷത്തിനിടെ 60 ലേറെ പേര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ പേര്‍ അറസ്റ്റില്‍. പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേരാണ് അറസറ്റിലായിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. നാളെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. 62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആണ്‍സുഹൃത്താണെന്നാണ് മൊഴി. ഇയാള്‍ ഇന്നലെ പിടിയിലായിരുന്നു. വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ വെച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇലവുംതിട്ടയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ വാഹനം പൊലീസ് പിടിച്ചെടുത്തു. കാറില്‍ വെച്ച് പീഡനം നടന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു പ്രതിയും അറസ്റ്റിലായവരില്‍പ്പെടും.

പത്തനംതിട്ട ജില്ലയിലെ ആറ് സ്റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതായാണ് വിവരം. ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പീഡിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. 62 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും 13 വയസ് മുതല്‍ ചൂഷണത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. മദ്യപിക്കുന്ന ശീലമുള്ള പിതാവിന്റെ ഫോണ്‍ രാത്രി പെണ്‍കുട്ടി ഉപയോഗിക്കുമായിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും ക്രൂരത നടത്തിയവരില്‍പ്പെടുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂന്ന് പേര്‍ ഒന്നിച്ച് വിളിച്ചുകൊണ്ടുപോയി വരെ കൂട്ടമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും മൊഴിയിലുണ്ട്.

പെണ്‍കുട്ടിക്ക് അറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്‌കൂളില്‍വച്ചും വീട്ടിലെത്തിയും പീഡിപ്പിച്ചവരുണ്ട്. സ്‌കൂള്‍തല കായികതാരമായ പെണ്‍കുട്ടി ക്യാംപില്‍ വച്ചും പീഡനത്തിന് ഇരയായി. വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു എല്ലാ പീഡനങ്ങളും നടന്നത്. ഇലവുംതിട്ട പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.