വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 538 നിയമവിരുദ്ധ കുടിയേറ്റക്കാര്‍ അറസ്റ്റിലായി. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവിറ്റ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ട്രംപ് വാഗ്ദാനം ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പുരോഗമിക്കുകയാണെന്ന് പറഞ്ഞ അവര്‍ നൂറ് കണക്കിന് അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ നാടുകടത്തിയതായും വ്യക്തമാക്കി.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളും ഉണ്ട്. ട്രെന്‍ ഡി അരാഗ്വ സംഘത്തിലെ നാല് അംഗങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, നൂറുകണക്കിന് ആളുകളെ സൈനിക വിമാനത്തില്‍ നാടുകടത്തിയതായും അവര്‍ വ്യക്തമാക്കി.
അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കാലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്കയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ വലിയ വിഭാഗവും അനധികൃത കുടിയേറ്റക്കാരാണ്.
അതേസമയം നിയമവിരുദ്ധ കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിന് മുന്നോടിയായി മെക്‌സിക്കോ ആവശ്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. കൂട്ട അഭയാര്‍ഥി പ്രവാഹമുണ്ടാകുന്നത് കണക്കിലെടുത്ത് മെക്‌സിക്കോയുടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ കൂടുതല്‍ അഭയാര്‍ഥി കൂടാരങ്ങള്‍ പണിയാന്‍ ആരംഭിച്ചു.