വത്തിക്കാൻ സിറ്റി : മലയാളിയായ കർദിനാൾ മാർ ജോർജ് കൂവക്കാടിന് പുതിയ നിർണായക ചുമതലകൾ കൂടി നൽകി ഫ്രാൻസിസ് മാർപാപ്പ. മതാന്തര സംവാദങ്ങൾക്കുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ തലപ്പത്തേക്ക് കർദിനാൾ മാർ ജോർജ് കൂവക്കാടിനെ മാർപാപ്പ നിയമിച്ചു. വത്തിക്കാനിലെ ഇത്തരം ഉന്നത പദവിയിൽ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടവും മാർ കൂവക്കാട് സ്വന്തമാക്കി. പാപ്പയുടെ വിദേശ യാത്രകൾ സംഘടിപ്പിക്കുന്ന തന്റെ ഉത്തരവാദിത്വങ്ങളും കർദിനാൾ തുടരും.
മാർപാപ്പയുടെ മാർഗ നിർദേശത്തിലും തനിക്ക് മുമ്പുള്ളവർ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാർദ പാതയിലും ആശ്രയിച്ചുകൊണ്ട് എല്ലാവരുടെയും പ്രാർത്ഥനകളുടെ പിന്തുണയോടെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കർദിനാൾ പ്രതികരിച്ചു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ബഹുസാംസ്കാരികവും ബഹുമതപരവുമായ സമൂഹത്തിലാണ് താൻ ജനിച്ചത് അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ തന്റെ ജീവിതം അടിവരയിട്ടുകൊണ്ട് പറഞ്ഞു.
മതാന്തര സംഭാഷണം കേവലം മതങ്ങൾ തമ്മിലുള്ള സംഭാഷണമല്ല മറിച്ച് ദൈവ വിശ്വാസത്തിന്റെ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കുന്നതാണെന്നും കർദിനാൾ ചൂണ്ടിക്കാണിച്ചു. ഇസ്ലാം മത വിശ്വാസികളുമായുള്ള സംഭാഷണത്തിനും ഏറെ ഊന്നൽ നൽകുമെന്നും മാർ ജോർജ് കൂവക്കാട് പറഞ്ഞു.