മൃതദേഹങ്ങള്‍ക്കായി പോടോമാക് നദിയിലും സമീപ പ്രദേശങ്ങളിലും രക്ഷാ പ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തുന്നു.
വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണ്‍ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്.
അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നു തന്നെയാണ് കരുതുന്നതെന്ന് വാഷിങ്ടന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് മേധാവി ജോണ്‍ ഡോണോലി വ്യക്തമാക്കി.
ഇതുവരെ 28 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 27എണ്ണം വിമാനത്തിലും ഒരാളുടേത് ഹോലികോപ്റ്ററില്‍ നിന്നുമാണ് കണ്ടെത്തിയത്.
പോടോമാക് നദിയിലും സമീപ പ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടക്കുന്നത്. നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്ഷാ പ്രവര്‍ത്തനമല്ല നടക്കുന്നത്. മൃതദേഹങ്ങള്‍ക്കായുള്ള തിരിച്ചിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ 700 എന്ന വിമാനമാണ് ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ചത്.
വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ചായിരുന്നു അപകടം. വിമാനത്തില്‍ 65 യാത്രക്കാര്‍ ഉണ്ടായിരുന്നു. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.