ജെറുസലേം: മേജർ ജനറൽ ഇയാൽ സമീറിനെ ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പുതിയ മേധാവിയായി നിയമിച്ചു. നിലവിലെ സൈനിക മേധാവി ഹെർസി ഹലേവി സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് പുതിയ നിയമനം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സ് പോസ്റ്റിലൂടെയാണ് നിയമന വിവരം പ്രഖ്യാപിച്ചത്.
'മേജർ ജനറൽ (റെസ.) ഇയാൽ സമീറിനെ അടുത്ത ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും ധാരണയിലെത്തി', പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റിൽ പറയുന്നു.
2023 ഒക്‌ടോബർ ഏഴിന് ഹമാസ് സൈന്യം ഇസ്രയേലിൽ നടത്തിയ ആക്രമണം തടയുന്നതിലെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഹെർസി ഹലേവിയുടെ രാജി. ഹമാസുമായുളള വെടിനിർത്തൽ കരാർ ഒപ്പുവയ്ക്കുന്നതിന് പിന്നാലെ രാജി വയ്ക്കുമെന്ന് കഴിഞ്ഞ മാസം ഹലേവി പ്രഖ്യാപിച്ചിരുന്നു. 2018 മുതൽ 2021 വരെ മിലിട്ടറിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായും ഹലേവി സേവനമനുഷ്ഠിച്ചിരുന്നു.
നിയുക്ത ഐഡിഎഫ് മേധാവിക്ക് ഹെർസി ഹലേവി അഭിനന്ദനങ്ങൾ അറിയിച്ചു. "എനിക്ക് വർഷങ്ങളായി ഇയാലിനെ അറിയാം. വെല്ലുവിളികളെ നേരിട്ട് അദേഹം ഐഡിഎഫിനെ മുന്നോട്ട് നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച വിജയം ആശംസിക്കുന്നു" ഹലേവി പ്രസ്താവനയിൽ പറഞ്ഞു.