പകുതി വില തട്ടിപ്പ്: 'മാത്യു കുഴൽനാടന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല'; എംഎല്‍എയുടെ വാദങ്ങള്‍ ശരിവച്ച് പ്രതി അനന്തു കൃഷ്ണന്‍

പകുതി വില തട്ടിപ്പ്: 'മാത്യു കുഴൽനാടന്‍ ഒരു രൂപ പോലും വാങ്ങിയിട്ടില്ല'; എംഎല്‍എയുടെ വാദങ്ങള്‍ ശരിവച്ച് പ്രതി അനന്തു കൃഷ്ണന്‍

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ പണം വാങ്ങിയിട്ടില്ലെന്ന് പകുതി വില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. നേരത്തെ യുഡിഎഫ് എംഎൽഎ ഏഴ് ലക്ഷം രൂപ കയ്യിൽ വാങ്ങിയതായാണ് പ്രതിയുടെ മൊഴിയെന്ന തരത്തിൽ പുറത്തു വന്നിരുന്ന വിവരം. എന്നാൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ അനന്തു കൃഷ്ണൻ ഈ വാർത്തകള്‍ തള്ളി.

ആരോപണം ഉയർന്നതിന് പിന്നാലെ പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി മാത്യു കഴുൽനാടൻ രം​ഗത്തെത്തിയിരുന്നു. അനന്തു കൃഷ്ണൻ ഇതുവരെ തൻ്റെ പേര് പരാമർശിച്ചിട്ടില്ലെന്നും പ്രഥമ ദൃഷ്ട്യാ സാഹചര്യ തെളിവുകളെങ്കിലും ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നുമായിരുന്നു എംഎൽഎയുടെ വെല്ലുവിളി.

ഏഴ് ലക്ഷം പോയിട്ട് ഏഴ് രൂപ പോലും വാങ്ങിയിട്ടില്ലെന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഏത് മന്ത്രിമാരും എംഎൽഎമാരുമാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. അവര് വിളിച്ച രണ്ട് പരിപാടിയിൽ പോയില്ല, മൂന്നാമത്തെ പരിപാടിയിൽ വൈകിയാണ് എത്തിയതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

കുഴൽനാടനെ കൂടാതെ യുഡിഎഫ് എംപി ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എംപി എന്നിവർക്കെതിരെയും പ്രതി സമാനമായ രീതിയിൽ ആരോപണം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിനായി 45 ലക്ഷം രൂപ വാങ്ങിയ ഡീൻ കുര്യാക്കോസ് 15 ലക്ഷം രൂപ മാത്രമേ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയുള്ളുവെന്നായിരുന്നു പ്രതിയുടെ മൊഴിയെന്ന രീതിയിൽ പുറത്തു വന്ന മറ്റൊരു ആരോപണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.