ഫീസിനും പ്രവേശനത്തിനും സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകില്ല; സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

 ഫീസിനും പ്രവേശനത്തിനും സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകില്ല; സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കും. സിപിഐയുടെ എതിര്‍പ്പ് കാരണം വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നല്‍കിയത്.

സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് സിപിഎം നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും സിപിഐ മന്ത്രിമാര്‍ ചില എതിര്‍പ്പുകള്‍ ഉന്നയിച്ചതിനാല്‍ അന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ഇന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ച് കരട് ബില്ലിന് അംഗീകാരം നല്‍കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരുകയായിരുന്നു.

മള്‍ട്ടി ഡിസിപ്ലീനറി കോഴ്സുകള്‍ ഉള്ള സ്വകാര്യ സര്‍വകലാശാലകളില്‍ ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാകില്ല എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അധ്യാപക നിയമനത്തിലും സര്‍ക്കാരിന് ഇടപെടാന്‍ ആകില്ല. പക്ഷെ സര്‍വകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോര്‍ഡുകളും വിളിച്ചുവരുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും.

സര്‍വകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനുമതി പത്രം സര്‍ക്കാറിന് പിന്‍വലിക്കാം. ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണം എന്ന നിര്‍ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്.

ആക്ടിന് വിരുദ്ധമായി സര്‍വകലാശാല പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാതിരിക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം. വ്യസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സര്‍ക്കാറിന് നിയമിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.