തിരൂര്‍: മലയാളികള്‍ക്ക് നാടിന്റെ സ്പന്ദനമറിയാന്‍ ആകാശവാണിയിലൂടെ വാര്‍ത്തകള്‍ വായിച്ചു കൊടുത്ത ഹക്കീം കൂട്ടായിയുടെ ശബ്ദം ഇനി റോഡിയോയില്‍ മുഴങ്ങില്ല. ആകാശവാണിയിലെ സേവനമവസാനിപ്പിച്ച് അദേഹം സര്‍വീസില്‍ നിന്ന് ഈ മാസം 28 ന് വിരമിക്കും. 27 വര്‍ഷക്കാലം മലയാളികള്‍ കേട്ട ശബ്ദമാണ് ഹക്കീം കൂട്ടായിയുടേത്.
1997 നവംബര്‍ 28 ന് ഡല്‍ഹിയില്‍ മലയാളം വാര്‍ത്ത വായനക്കാരനായാണ് ആകാശവാണിയില്‍ അദേഹം ജോലി തുടങ്ങിയത്. മൂന്ന് വര്‍ഷം ഡല്‍ഹിയില്‍. 2000 ഡിസംബറില്‍ തിരുവനന്തപുരത്തേക്ക് മാറി. ഒരുമാസം തിരുവനന്തപുരത്ത് ജോലി ചെയ്ത ശേഷം കോഴിക്കോട്ടെത്തി. പിന്നീട് കോഴിക്കോടാണ് പ്രവര്‍ത്തിച്ചത്.
സന്തോഷവും ദുഖവും ഭൂമികുലുക്കവും പ്രളയവും ഫുട്ബോളും ക്രിക്കറ്റും സിനിമയും മാറി വരുന്ന പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും മുഖ്യമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും പ്രതിപക്ഷ നേതാക്കളുടെയും രാഷ്ട്രീയക്കാരുടെയും സാഹിത്യകാരന്മാരുടെയും സാംസ്‌കാരിക നായകന്മാരുടെയും വാക്കുകളും പൊതുജനത്തിനായി ആകാശവാണിയിലൂടെ വാര്‍ത്തയായി വായിക്കാന്‍ ഹക്കീം കൂട്ടായിയ്ക്ക് കഴിഞ്ഞു.
തന്റെ ജീവിതത്തിന് തന്നെ ഒരു അടുക്കും ചിട്ടയും നല്‍കിയത് ആകാശവാണിയാണ്. തന്റെ ജീവിതം സമയബന്ധിതമായിരുന്നില്ല. എല്ലാം സമയബന്ധിതമായി ചെയ്യാന്‍ ആകാശവാണിയിലെ ജീവിതമാണ് തന്നെ പ്രാപ്തനാക്കിയതെന്ന് അദേഹം പറയുന്നു. വാര്‍ത്ത അവതാരകന്റെ പേര് മാത്രം ശ്രോതാക്കള്‍ക്ക് അറിയാം. എന്നാല്‍ മുഖ പരിചയമില്ലാത്തത് കാരണം ടി.വിയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ആളുകള്‍ അറിയാത്തത് ജീവിതത്തില്‍ ഗുണകരമായി. ഏത് വേഷത്തിലും ജീവിതം നയിക്കാന്‍ ഇത് സഹായിച്ചു. അറിയുന്നവര്‍ മാത്രമാണ് അറിയുന്നത്. സെലിബ്രിറ്റിയായി കാണുന്നില്ല. എന്നാല്‍ പരിചയപ്പെടുമ്പോള്‍ എല്ലാവരും വലിയ സ്‌നേഹ പ്രകടനമാണ് നടത്താറുള്ളതെന്നും അദേഹം പറയുന്നു.
മലപ്പുറം ജല്ലയിലെ പറവണ്ണ മുറിവഴിക്കലില്‍ 1965 ഫിബ്രവരി 11 ന് പ്രഥമാധ്യാപകനായിരുന്ന പി.കെ അഫീഫുദ്ദീന്റെയും പറവണ്ണ മുറിവഴിക്കല്‍ സ്വദേശിനി വി.വി ഫാത്തിമയുടെയും മകനായിട്ടാണ് ഹക്കീം കൂട്ടായി ജനിച്ചത്. കൂട്ടായി നോര്‍ത്ത് ജിഎംഎല്‍പി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന പിതാവില്‍ നിന്ന് തന്നെയാണ് ആദ്യാക്ഷരം കുറിച്ചത്. പിന്നീട് കൂട്ടായി സൗത്ത് എം.ഐ.യു.പി സ്‌കൂള്‍, പറവണ്ണ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജില്‍ നിന്ന് പ്രീഡിഗ്രിയും നേടി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രൈവറ്റായിട്ടാണ് ഡിഗ്രി പഠിച്ചത്.
ടി.കെ. സാബിറയാണ് ഭാര്യ. പി.കെ. സഹല, മുഹമ്മദ് സാബിത്ത് എന്നിവര്‍ മക്കളാണ്.