ആ പത്മശ്രീ എന്റേതാണ്! പത്മശ്രീ അവാര്‍ഡിന് അവകാശവാദവുമായി ഒരേ പേരുള്ള രണ്ട് പേര്‍

ആ പത്മശ്രീ എന്റേതാണ്! പത്മശ്രീ അവാര്‍ഡിന് അവകാശവാദവുമായി ഒരേ പേരുള്ള രണ്ട് പേര്‍

ഭുവനേശ്വര്‍: പത്മശ്രീ അവാര്‍ഡിന് ഒരേ പേരുള്ള രണ്ട് പേര്‍ അവകാശവാദവുമായി എത്തിയ സംഭവത്തില്‍ ഇരുകൂട്ടര്‍ക്കും സമന്‍സ് അയച്ച് ഒറീസ ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മശ്രീയുടെ യഥാര്‍ഥ അവകാശി താനാണെന്ന അവകാശവാദവുമായി ഒഡീഷയില്‍ നിന്നുള്ള രണ്ട് പേര്‍ രംഗത്തെത്തുകയായിരുന്നു.

ഫെബ്രുവരി 24 ന് ഇരുവരും നേരിട്ട് ഹാജരാകണമെന്ന് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ പാണിഗ്രാഹിയുടെ ബെഞ്ച് ഉത്തരവിട്ടു.

2023 ല്‍ സാഹിത്യ മേഖലയിലെ നേട്ടങ്ങള്‍ക്ക് അന്തര്യാമി മിശ്ര എന്നയാള്‍ക്ക് പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചു. അന്തര്യാമി മിശ്ര എന്ന മാധ്യമ പ്രവര്‍ത്തകന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് അവാര്‍ഡ് വാങ്ങുകയും ചെയ്തു. എന്നാല്‍ ഡോ. അന്തര്യാമി മിശ്ര തനിക്കാണ് അവാര്‍ഡ് ലഭിച്ചതെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒഡിഷയിലും മറ്റ് ഭാഷകളിലുമായി 29 പുസ്തകങ്ങള്‍ താന്‍ രചിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദേഹം കോടതിയെ സമീപിച്ചത്. എന്നാല്‍ അവാര്‍ഡ് വാങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ ഒരു പുസ്തകം പോലും രചിച്ചിട്ടില്ലെന്നും ഫിസിഷ്യനായ അന്തര്യാമി മിശ്ര ആരോപിച്ചു.

പത്മശ്രീ പ്രഖ്യാപിക്കുന്നതിന് മുമ്പായി സര്‍ക്കാര്‍ എല്ലാ തരത്തിലുമുള്ള പരിശോധനകള്‍ നടത്തിയിട്ടും ഇത്തരത്തിലൊരു ആശയക്കുഴപ്പം സംഭവിച്ചതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.