വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയം; നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രം

വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയം; നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നും വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നും ഹാരിസ് ബീരാന്‍ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

കേരളം, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ 1972 ലെ വനം- വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കണം എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഹാരിസ് ബീരാന്‍ രാജ്യസഭയില്‍ ചോദ്യമുയര്‍ത്തിയത്.

നിയമത്തില്‍ ഇപ്പോള്‍ യാതൊരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ മറുപടി. കേരളത്തില്‍ തുടര്‍ച്ചയായ വന്യജീവി ആക്രമണത്തെ തടയിടാന്‍ 1972-ലെ വനം -വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ചാല്‍ മാത്രമേ സാധ്യമാവൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം.

അതേസമയം പാര്‍ലമെന്റില്‍ ഉന്നയിച്ച തന്റെ ചോദ്യത്തിന് സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്ന മറുപടി കിട്ടാത്തതില്‍ ഹാരിസ് ബീരാന്‍ പരോക്ഷമായി വനം വകുപ്പ് മന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തു. വയനാടോ, ഇടുക്കിയോ, എവിടെയാണെങ്കിലും വന്യജീവി ആക്രമണം നടന്നു കഴിഞ്ഞാല്‍ അവിടെ പോയി ഗ്രൗണ്ട് ലെവല്‍ വര്‍ക്ക് ചെയ്യേണ്ടവര്‍ തിരുവനന്തപുരത്ത് ഓഫീസില്‍ ഇരുന്നാല്‍ കാര്യം നടക്കില്ലെന്നും ഹാരിസ് ബീരാന്‍ പ്രതികരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.