പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ച് ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍: നിയമസഭയില്‍ പ്രതിഷേധം

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തി എന്നാരോപിച്ച്  ബഹളം; മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍: നിയമസഭയില്‍ പ്രതിഷേധം

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസംഗത്തിനിടെ സ്പീക്കര്‍ ഇടപെട്ടത് ഇന്നും തര്‍ക്കത്തില്‍ കലാശിച്ചു. താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നുവെന്ന് ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

ഇന്ന് വി.ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര്‍ നിര്‍ത്താനാവശ്യപ്പെട്ടതാണ് രണ്ടാം ദിവസത്തെ ബഹളത്തിന് കാരണം. എന്നാല്‍ ഒരുതരത്തിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ക്ഷുഭിതനായതോടെ അത് തര്‍ക്കത്തിലേക്കും കടന്നു.

പിന്നാക്ക വിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരന്നു വി.ഡി സതീശന്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. സഭ നടത്തിക്കൊണ്ടു പോകണോ എന്ന് അങ്ങ് തീരുമാനക്കണമെന്ന് സതീശന്‍ പറഞ്ഞു.

എന്നെ തടസപ്പെടുത്തി സഭ നടത്തിക്കൊണ്ട് പോവാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും സഭയില്‍ സംസാരിക്കുന്നത് ഔദാര്യമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് താന്‍ ഇടപെട്ടതെന്നായിരുന്നു സ്പീക്കറുടെ മറുപടി.

തുടര്‍ന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ഒന്നാകെ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. ഇതിനിടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അംഗങ്ങളെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് തയ്യറാകാതെ വന്നതോടെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത് അടുത്ത നടപടിക്രമമായ ശ്രദ്ധ ക്ഷണക്കലിലേക്ക് കടന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.