തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖയില്‍ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു.
കത്തിയുമായി കയറി വന്ന യുവാവ് കൗണ്ടര്‍ കസേരകൊണ്ട് അടിച്ചു തകര്‍ത്താണ് പണം കവര്‍ന്നത്. അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും അവര്‍ പറഞ്ഞു.
കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നതെന്ന് ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞു. 15 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
വിവരം അറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രതിക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനക്കാരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ചിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് ശേഖരിക്കാനൊരുങ്ങുകയാണ്.