ഇംഫാല്‍: മണിപ്പൂരിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രപതി ഭരണം പരിഹാരമല്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം മാത്രമാണ് ഇതെന്നും അവര്‍ പറഞ്ഞു.
നിലവിലുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ മെയ്തേയ്, നാഗ, കുക്കി കമ്യൂണിറ്റികളെ പ്രതിനിധീകരിക്കുന്ന മൂന്ന് ഇന്‍ട്രാ-സ്റ്റേറ്റ് മിനി അസംബ്ലികള്‍ രൂപീകരിക്കണമെന്ന നിര്‍ദേശവും ഇറോം ശര്‍മിള മുന്നോട്ടു വെച്ചു.
അത്തരമൊരു മാതൃക എല്ലാ വംശീയ വിഭാഗങ്ങള്‍ക്കും ന്യായമായ പ്രാതിനിധ്യവും നേരിട്ടുള്ള ധനസഹായവും ഉറപ്പാക്കും. ഓരോ വംശീയ വിഭാഗങ്ങളുടെയും മൂല്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ബഹുമാനിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
'രാഷ്ട്രപതി ഭരണം ഒന്നിനും പരിഹാരമല്ല. മണിപ്പൂരുകാര്‍ ഒരിക്കലും ഇത് ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ഥ്യമായതിനാല്‍ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പഴയ സ്ഥിതി പുനസ്ഥാപിക്കുന്നതിന് കേന്ദ്രം മുന്‍ഗണന നല്‍കണം.
അടിസ്ഥാന സൗകര്യങ്ങളും വികസനവും ഒരുക്കുന്നതിന് സംസ്ഥാാനത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരണം. മുന്‍കാലങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയപ്പോള്‍ ജനാധിപത്യ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള മറ്റൊരു മാര്‍ഗം മാത്രമായിരുന്നു അത്'-പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറോം ശര്‍മിള പറഞ്ഞു.
വൈവിധ്യമാണ് ഇന്ത്യയുടെ ഭംഗി. മണിപ്പൂരിന്റെ കാര്യത്തിലും ഇത് കേന്ദ്രം അംഗീകരിക്കണം. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുന്നു. കേന്ദ്രം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളിലാണ് ഇത്തരം കലാപങ്ങള്‍ ഉണ്ടായതെങ്കില്‍ കേന്ദ്രം ഇങ്ങനെ നിശബ്ദരായി ഇരിക്കുമോ?
മണിപ്പൂര്‍ രാജ്യത്തിന്റെ ഏറ്റവും അറ്റത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഈ അവഗണന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ആര്‍ക്കും ആശങ്കയില്ല. ഈ മേഖലയുടെ വികസനത്തിന് ഉപയോഗിക്കാവുന്ന കോടിക്കണക്കിന് രൂപയാണ് കലാപത്തെ ചെറുക്കുന്നതിന്റെ പേരില്‍ പാഴാക്കുന്നതെന്നും ഇറോം ശര്‍മിള പറഞ്ഞു.