പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെറുകിട സംരംഭക മുന്നേറ്റം കോഴിക്കടകളും പൂട്ടിപ്പോയ തട്ടുകടകളും ചേര്‍ത്ത്: കെ.സുധാകരന്‍

പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്ന ചെറുകിട സംരംഭക മുന്നേറ്റം കോഴിക്കടകളും പൂട്ടിപ്പോയ തട്ടുകടകളും ചേര്‍ത്ത്: കെ.സുധാകരന്‍

തിരുവനന്തപുരം: കോഴിക്കടകളും പൂട്ടിപ്പോയ തട്ടുകടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തു വിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നതായും കെ. സുധാകരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ 2020 ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഉദ്യം പദ്ധതിയില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വായ്പയും സബ്സിഡിയും സര്‍ക്കാര്‍ പദ്ധതികളുമൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ആളുകള്‍ വ്യാപകമായ തോതില്‍ രജിസ്ട്രേഷന്‍ നടത്തി.

ഇതു നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെ പ്രകാരം 2018-19 ല്‍ ഉണ്ടായിരുന്നത് 13,826 ചെറുകിട സംരംഭങ്ങളാണ്. 2019-20 ല്‍ 13,695 ഉം, 2020-21 ല്‍ 11,540 ഉം 2021-22 ല്‍ 15,285 ഉം സംരംഭങ്ങളുണ്ടായിരുന്നു. 2020 ല്‍ ഉദ്യം പദ്ധതി വന്നതിനെ തുടര്‍ന്ന് 2020-21 ല്‍ സംരംഭങ്ങളുടെ എണ്ണം 1,39,839 ആയി കുതിച്ചുയര്‍ന്നു.

തൊട്ടടുത്ത വര്‍ഷം 1,03596 ആയി. ഇപ്പോഴത് 2.90 ലക്ഷമായെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. രണ്ട് മിനിറ്റില്‍ വ്യവസായം തുടങ്ങാമെന്നത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.