തിരുവനന്തപുരം: സമര പരമ്പരകളിലൂടെ അധികാരത്തില്‍ വന്ന സിപിഎം ഇപ്പോള്‍ സമരത്തെ പുച്ഛിക്കുകയാണെന്നും ആശാ വര്‍ക്കര്‍മാരെ മനുഷ്യരായി പരിഗണിക്കണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം സംബന്ധിച്ചാണ് അദേഹത്തിന്റെ പ്രതികരണം.
'സമര പരമ്പരകളിലൂടെയാണ് സിപിഎം അധികാരത്തില്‍ വന്നത്. പക്ഷെ ഇപ്പോള്‍ അവര്‍ സമരത്തെ പുച്ഛിക്കുകയാണ്. കോവിഡ് വന്നപ്പോള്‍ ഓടി നടന്നത് ആശാ വര്‍ക്കര്‍മാരാണ്. ആരോഗ്യ രംഗത്തെ കേരളത്തിന്റെ കാലാള്‍ പടയാണ് ആശാ വര്‍ക്കര്‍മാര്‍. ഇന്നവരെ പാടെ അവഗണിക്കുകയാണ്'- മെത്രാപ്പൊലീത്ത പറഞ്ഞു.
മറ്റൊരു നിവൃത്തിയും ഇല്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് സമരവുമായി ഇറങ്ങേണ്ടി വന്നത്. പേരില്‍ മാത്രമേ അവര്‍ക്ക് ആശയുള്ളൂ. ഇപ്പോള്‍ ഉള്ളത് നിരാശ മാത്രം. അവരെ മനുഷ്യരായി പരിഗണിക്കണം. മനുഷ്യനാകണം എന്ന് പാടിയാല്‍ മാത്രം പോരാ. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ ആര്‍ക്കും അവഗണിക്കാനാകില്ലെന്നും അദേഹം പറഞ്ഞു.
പ്രളയത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് നമ്മുടെ മത്സ്യത്തൊഴിലാളികളാണ്. പ്രളയം കഴിഞ്ഞപ്പോള്‍ അവര്‍ വെറും മത്സ്യത്തൊഴിലാളികളായി മാറി. വിഴിഞ്ഞം തുറമുഖം വന്നപ്പോള്‍ അവരെ വേണ്ട.
ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ ആയിരുന്ന സമയത്ത് അതിന് അടിസ്ഥാനമായിരുന്നത് ആശാ വര്‍ക്കര്‍മാരാണന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.