വത്തിക്കാൻ സിറ്റി: ആശുപത്രി കിടക്കയിൽനിന്ന് ഞായറാഴ്ച സന്ദേശം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പ. സൗന്ദര്യം പരത്തുകയും ജനങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന സാർവ്വത്രിക ഭാഷയാണ് കലയെന്ന് തൻ്റെ സന്ദേശത്തിൽ മാർപാപ്പ ഓർമ്മിപ്പിച്ചു. ത്രികാല പ്രാർഥന ഉണ്ടായിരുന്നില്ലെങ്കിലും, പതിവുപോലെയുള്ള ഞായറാഴ്ച സന്ദേശം പാപ്പാ മുടക്കിയില്ല. ശ്വാസകോശ അണുബാധയെ തുടർന്ന്, റോമിലെ ജെമേല്ലി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് മാർപാപ്പ. വത്തിക്കാൻ മാധ്യമ കാര്യാലയമാണ് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം പുറത്തുവിട്ടത്.
വ്യക്തിപരമായ സാന്നിധ്യത്താൽ വിശ്വാസികളോടൊപ്പമായിരിക്കാൻ സാധിക്കാതെവന്നതിലുള്ള ദുഃഖം പ്രകടിപ്പിച്ച പാപ്പ, ലോകമെമ്പാടും യുദ്ധക്കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കുംവേണ്ടി താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. ജെമേല്ലി ആശുപത്രിയിൽ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യ ശുശ്രൂഷകൾക്ക് പാപ്പാ നന്ദി അറിയിച്ചു.
ആരോഗ്യ വിദഗ്ധർ സമ്പൂർണ്ണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നതെങ്കിലും, മാർപാപ്പയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ത്രികാല പ്രാർഥനയ്ക്കായി തയ്യാറാക്കിവച്ചിരുന്ന സന്ദേശം പുറത്തുവിട്ടത്. കലാസാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഈ പ്രത്യേക ജൂബിലി ആഘോഷ വേളയിൽ നന്ദിയും പ്രോത്സാഹനവും അറിയിക്കുന്നതായി മാർപാപ്പയുടെ സന്ദേശത്തിൽ തുടർന്നുപറയുന്നു. വത്തിക്കാനിൽ അവർക്കുവേണ്ടി പ്രത്യേകം അർപ്പിക്കപ്പെട്ട ദിവ്യബലിയെക്കുറിച്ച് പാപ്പ അനുസ്മരിച്ചു.
സൗന്ദര്യം പരത്തുകയും ജനങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്ന സാർവ്വത്രിക ഭാഷയാണ് കലയെന്ന് പരിശുദ്ധ പിതാവ് വിശേഷിപ്പിച്ചു. രാജ്യങ്ങൾക്കിടയിലുള്ള സഹവർത്തിത്വം ഊട്ടിയുറപ്പിക്കാനും യുദ്ധത്തിനു വേണ്ടിയുള്ള മുറവിളികൾ നിശബ്ദമാക്കാനും കലയിലൂടെ സാധിക്കട്ടെയെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നാശവും മരണവും വിതയ്ക്കുന്നതും അഭയാർത്ഥി പ്രവാഹം സൃഷ്ടിക്കുന്നതുമായ സംഘർഷങ്ങളിലേക്ക് മാർപാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയും സമാധാനത്തിനായുള്ള തന്റെ അഭ്യർത്ഥന ആവർത്തിക്കുകയും ചെയ്തു. ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമർ, കിവു, സുഡാൻ എന്നീ പ്രദേശങ്ങൾക്കായി ഏവരുടെയും പ്രാർത്ഥന ഫ്രാൻസിസ് പാപ്പ അഭ്യർത്ഥിച്ചു.
ലോകത്തെ രക്ഷിക്കുന്ന സൗന്ദര്യത്തെക്കുറിച്ച് പാടുന്ന മികച്ച ഗായകരും വിദഗ്ധ ശില്പികളുമായി എല്ലാ മനുഷ്യരും മാറാൻ വേണ്ടി 'കൃപ നിറഞ്ഞ' കന്യകാമറിയത്തോട് നമുക്കു പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.