മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഇറ്റാലിയന്‍ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഇറ്റാലിയന്‍ പ്രധാനമന്ത്രി പാപ്പായെ സന്ദർശിച്ചു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പാപ്പ സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ പ്രസ്താവനയിലൂടെ പറഞ്ഞു.

മാര്‍പാപ്പയെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സന്ദര്‍ശിച്ചു. 20 മിനിറ്റോളം അവര്‍ ആശുപത്രിയില്‍ ചെലവഴിച്ചു. മാര്‍പാപ്പയെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ജോര്‍ജിയ മെലോണി പറഞ്ഞു.

മാര്‍പാപ്പയുടെ ലാബ് പരിശോധനാഫലങ്ങളില്‍ നേരിയ പുരോഗതിയുള്ളതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. അണുബാധ മൂലം സ്ഥിതി സങ്കീര്‍ണമാണെങ്കിലും പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു.

12 വർക്കാലമായി കത്തോലിക്ക സഭയുടെ പരമാധ്യക്ഷസ്ഥാനത്ത് തുടരുന്ന മാർപാപ്പ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിരവധി തവണ ആശുപത്രിവാസം അനുഭവിച്ചിട്ടുണ്ട്. യൗവനകാലം മുതൽ ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു.

കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി ആശുപത്രിയിൽ തുടരുകയാണ് പാപ്പ. അൽപം സങ്കീർണമായ അണുബാധയായതിനാൽ കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.