വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് വത്തിക്കാൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്.
പനി മാറിയെന്നും രക്തസമ്മർദവും ഹൃദയാരോഗ്യവും തൃപ്തികരമാണെന്നും മാർപാപ്പയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ പരിശുദ്ധ കുർബാന സ്വീകരിച്ച പാപ്പ പിന്നീട് തന്റെ കർത്തവ്യങ്ങളിൽ മുഴുകുകയായിരുന്നു. കുറച്ച് ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും വത്തിക്കാൻ അറിയിച്ചു.
ഈ മാസം 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ ചികിത്സ ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്. അതിനിടെ മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെമ്പാടുമുള്ള രൂപതകളുടെ ആഹ്വാന പ്രകാരം പ്രാർഥനകൾ തുടരുകയാണ്. റോം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ നിശബ്ദ ദിവ്യകാരുണ്യ ആരാധന നടത്തി.