വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നിന്നും ആശ്വാസത്തിന്റെ വാർത്ത. ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. മാർപ്പാപ്പ ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
ഇപ്പോഴും ശ്വാസം മുട്ടലുണ്ടെങ്കിലും പാപ്പ സംസാരിക്കുന്നുണ്ട്. ഒരാഴ്ച കൂടി ആശുപത്രിയിൽ തുടരേണ്ടി വരും. കിടക്കയിൽ നിന്ന് എഴുന്നേറ്റ് വീൽചെയറിൽ ഇരിക്കാൻ സാധിക്കുന്നുണ്ട്. രോഗവിവരത്തെ കുറിച്ച് ഒന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ ഇരു ശ്വാസകോശങ്ങളിലെയും അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാൻ ഇന്നലെ അറിയിച്ചിരുന്നു. 88 കാരനായ മാർപാപ്പയെ ഈ മാസം 14നാണ് റോമിലെ ജെമെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെമ്പാടുമുള്ള രൂപതകളുടെ ആഹ്വാനപ്രകാരം പ്രാർഥനകൾ തുടരുകയാണ്. റോം അതിരൂപതയിലെ എല്ലാ ഇടവകകളിലും കഴിഞ്ഞ ദിവസം ഒരു മണിക്കൂർ നിശബ്ദ ദിവ്യകാരുണ്യ ആരാധന നടത്തി.