തൃശൂര്‍: വ്യാപാരഷെയറുകളുടെ മറവില്‍ ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നടത്തിയ നിക്ഷേപത്തട്ടിപ്പില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതായി സൂചന നല്‍കുന്ന ശബ്ദരേഖ പുറത്ത്. കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കള്ളപ്പണത്തിന്റെ സൂചനകളാണ് ശബ്ദരേഖയില്‍ ഉള്ളത്.
ഇങ്ങനെ വരുന്ന കള്ളപ്പണം വെളുപ്പിക്കാന്‍ നാല് ഏജന്‍സികളുണ്ടായിരുന്നതായും അവര്‍ അത് ബിബിന്റെ അക്കൗണ്ടിലേക്ക് കൈമാറുമെന്നും അവിടെനിന്നാണ് നിക്ഷേപകര്‍ക്ക് പണം കൈമാറ്റം ചെയ്തിരുന്നതെന്നും പണം നഷ്ടപ്പെട്ടവര്‍ ആരോപിക്കുന്നു. ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായിരിക്കെയാണ് ഊഹക്കച്ചവടത്തില്‍ ഇറങ്ങുന്നത്. ബാങ്കിലെത്തിയിരുന്ന പരിചയക്കാരായ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ചായിരുന്നു തുടക്കം.
ഈ സമയത്ത് തന്നെ ബിബിന്‍ പ്രവാസികളുമായി അടുത്ത ബന്ധം സ്ഥാപിച്ച് ഷെയര്‍ ട്രേഡിങ്ങിലേക്ക് ആകര്‍ഷിച്ച് ഊഹക്കച്ചവടത്തിലൂടെ വന്‍ ലാഭം നേടിക്കൊടുത്തു. വിശ്വാസം വര്‍ധിച്ചപ്പോള്‍ ബിബിന്റെ ഉപയോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. തുടര്‍ന്നാണ് ഇയാള്‍ ജോലി ഉപേക്ഷിച്ച് ബില്യണ്‍ ബീസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഉയര്‍ന്ന ശമ്പളത്തില്‍ ജീവനക്കാരെവെച്ച് കിട്ടുന്ന ലാഭവിഹിതത്തിന്റെ പകുതി അവര്‍ക്ക് വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വരൂപിച്ച് ബിസിനസ് വിപുലമാക്കുകയായിരുന്നു.
ദുബായില്‍ വലിയ തുകയ്ക്ക് കെട്ടിടം വാടകയ്‌ക്കെടുത്താണ് കമ്പനിയുടെ ശാഖ ആരംഭിച്ചത്. വിദേശ മലയാളികളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളില്‍ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചു. ആഡംബര ജീവിതം നയിച്ചിരുന്ന ബിബിനും കുടുംബവും ഷെയര്‍ട്രേഡിങിന്റെ മറവില്‍ നടത്തിയിരുന്നത് ഊഹക്കച്ചവടമായിരുന്നുവെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കുന്ന സൂചന.
നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. വന്‍തുകയുടെ തട്ടിപ്പായതുകൊണ്ട് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള എക്കോണമിക് ഒഫന്‍സ് വിങ് കേസ് എറ്റെടുക്കണമെന്നാണ് ആവശ്യം. തൃശൂര്‍ ജില്ലയിലെ പ്രധാന കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവില്‍ 1.96 കോടി രൂപയുടെ ഒരു പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
കമ്പനി ഉടമകളായ നടവരമ്പ് കിഴക്കേവളപ്പില്‍ വീട്ടില്‍ ബിബിന്‍, ഭാര്യ ജെയ്ജ, സഹോദരന്‍ സുബിന്‍ എന്നിവര്‍ക്കെതിരേയാണ് ഇരിങ്ങാലക്കുട പൊലീസ് അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ബിബിനും ഭാര്യ ജെയ്ജയും വിദേശത്തേക്ക് കടന്നതായാണ് സൂചന. സുബിന്‍ ഒളിവിലാണ്.