ഫാ. ഡോ. സ്‌കറിയ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപത പുതിയ സിഞ്ചെല്ലൂസ്

ഫാ. ഡോ. സ്‌കറിയ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപത പുതിയ സിഞ്ചെല്ലൂസ്

ചങ്ങനാശേരി: ഫാ. ഡോ. സ്‌കറിയ കന്യാകോണില്‍ ചങ്ങനാശേരി അതിരൂപതയുടെ പുതിയ സിഞ്ചെല്ലൂസ് (വികാരി ജനറാള്‍). മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീത്തയാണ് നിയമനം നടത്തിയത്. ഫാ. ഡോ. വര്‍ഗീസ് താനമാവുങ്കല്‍ സ്ഥാനമൊഴിഞ്ഞതിന് പകരമായാണ് നിയമനം.

വെളിയനാട് സെന്റ് സേവ്യേഴ്‌സ് ഇടവക കന്യാകോണില്‍ പരേതരായ ചെറിയാന്‍(കേരള പൊലീസ്)-എലിയാമ്മ ദമ്പതികളുടെ മകനായി 1964 ഡിസംബര്‍ മൂന്നിനാണ് ബാബു അച്ചന്‍ എന്നറിയപ്പെടുന്ന ഫാ. സ്‌കറിയ കന്യാകോണില്‍ ജനിച്ചത്. കുറിച്ചി സേന്റ്‌റ് തോമസ് മൈനര്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് വൈദിക പഠനം പൂര്‍ത്തിയാക്കിയത്.

1992 ഡിസംബര്‍ 29 ന് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന്റെ കൈവപ്പുവഴി പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ അസി. വികാരി, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സെക്രട്ടറി എന്നീ നിലകളിലെ സേവനത്തിന് ശേഷം ബെല്‍ജിയം കാതലിക് യൂണിവേഴ്‌സിറ്റ് ഓഫ് ലയോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ആറ് വര്‍ഷം ഉപരിപഠനം നടത്തി. അവിടെ നിന്ന് തന്നെ ധാര്‍മിക ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. 'അവയവ ദാനത്തിന്റെ ധാര്‍മികത' (Organ Donation and Transplantation: A Moral Theological And Bioethical Appraisal) എന്ന വിഷയത്തിലാണ് അദേഹം പ്രത്യേക പഠനം നടത്തിയത്. ധാര്‍മിക ദൈവശാസ്ത്രത്തില്‍ 25 പുസ്തകങ്ങളും നൂറ് ലേഖനങ്ങളും അദേഹം രചിച്ചിട്ടുണ്ട്.

ബെല്‍ജിയത്തില്‍ നിന്ന് തിരിച്ചുവന്നതിന് ശേഷം 2002 മുതല്‍ 2006 വരെ കുറിച്ചി മൈനര്‍ സെമിനാരിയിലെ വൈസ് റെക്ടര്‍ ആയിരുന്നു. 2006 മുതല്‍ അദേഹം വടവാതൂര്‍ സെമിനാരിയില്‍ റസിഡന്റ് പ്രൊഫസര്‍ ആയി സേവനം അനുഷ്ടിച്ചു. 2020 മുതല്‍ വടവാതൂര്‍ സെമിനാരിയിലെ റെക്ടര്‍ ആയി സേവനം അനുഷ്ടിക്കുകയായിരുന്നു.

വൈദികരുടെ തുടര്‍പരിശീലനം, വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനം, സ്ത്രീകളും പുരുഷന്‍മാരും ആയിട്ടുള്ള സന്യസ്തരുടെ പരിശീലനം, അതിരൂപതയിലെ സ്‌കൂളുകളുടെ മേല്‍നോട്ടം, മറ്റ് ദൈവശാസ്ത്ര സ്ഥാപനങ്ങളുടെ നേല്‍നോട്ടം എന്നിവയാണ് ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി ചാര്‍ജ് എടുത്തതിന് ശേഷം നിര്‍വഹിക്കേണ്ട ചുമതല.

ഫാ.ആന്റണി ഏത്തക്കാട്ടാണ് അതിരൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറാള്‍), ഫാ. ഡോ. മാത്യു ചങ്ങങ്കരി, ഫാ. ഡോ. ജോണ്‍ തെക്കേക്കര എന്നിവര്‍ സിഞ്ചെല്ലൂസുമാരായും സേവനം ചെയ്യുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.