സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സന്തോഷ വാര്‍ത്ത; പിഎസ്‌സി നിയമനങ്ങളില്‍ അഞ്ച് ശതമാനം വരെ വെയിറ്റേജ്

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സന്തോഷ വാര്‍ത്ത; പിഎസ്‌സി നിയമനങ്ങളില്‍ അഞ്ച് ശതമാനം വരെ വെയിറ്റേജ്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഎസ്‌സി നിയമനങ്ങളില്‍ അഞ്ച് ശതമാനം വരെ വെയിറ്റേജ് അനുവദിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് അഞ്ച് ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിങ് പൂര്‍ത്തിയാക്കുന്ന, ഹൈസ്‌കൂള്‍ തലത്തില്‍ എ പ്ലസ് ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തില്‍ എ ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കാനും തീരുമാനിച്ചു.

ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ട് വര്‍ഷം ട്രെയിനിങ് പൂര്‍ത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ട് വര്‍ഷം ട്രെയിനിങ് പൂര്‍ത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.