വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഉക്രെയ്‌ന് പിന്തുണയറിയിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഉക്രെയ്ന്‍ യുദ്ധം ചെയ്യുന്നത് ജനാധിപത്യവും സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാനാണെന്നും അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നുമാണ് ട്രൂഡോ എക്‌സില്‍ കുറിച്ചത്.
”നിയമവിരുദ്ധമായും ന്യായീകരിക്കാനാവാത്ത വിധവുമാണ് റഷ്യ ഉക്രെയ്‌നെ ആക്രമിക്കുന്നത്. മൂന്ന് വര്‍ഷമായി ഉക്രെയ്ന്‍ ധൈര്യത്തോടെയും സ്ഥിരോത്സാഹത്തോടെയും പോരാടുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം നമുക്കെല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. കാനഡ ഉക്രെയ്‌നോടൊപ്പം നില്‍ക്കുന്നത് തുടരും”- ട്രൂഡോ കുറിച്ചു.
നേരത്തേ കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളിയും ഉക്രെയ്‌ന് പിന്തുണ അറിയിച്ചിരുന്നു. സെലെന്‍സ്‌കിയും ട്രംപുമായി നടന്ന ചര്‍ച്ചയ്ക്കിടെ ഇരു നേതാക്കളും വാക്കേറ്റത്തിലേക്കും വെല്ലുവിളിയിലേക്കും നീങ്ങിയിരുന്നു.