തിരുവനന്തപുരം: ലഹരിക്കച്ചവടം കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 2854 പേര്‍ അറസ്റ്റില്‍. വിവിധ ഇടങ്ങളില്‍ നിന്നായി 1.5 കിലോ എംഡിഎംഎയും 153 കിലോ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ മാസം 22 മുതലാണ് പൊലീസ് ഓപ്പറേഷന്‍ ഡി ഹണ്ട് ആരംഭിച്ചത്. മയക്കുമരുന്ന് വില്‍പന നടത്തുന്നവരെന്ന് സംശയിക്കുന്നവരെയും മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞവരുമായി ബന്ധമുള്ളവരെയും ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമായിരുന്നു പരിശോധന. 17,246 പേരെ പരിശോധിച്ചതായും 2782 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അറിയിച്ചു.
ഓപ്പറേഷന്‍ ഡി ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്ന് എഡിജി മനോജ് എബ്രഹാം അറിയിച്ചു. ലഹരി വില്‍പനയും ഉപയോഗവും ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പൊലീസിന്റെ യോദ്ധാവ് വാട്സ്ആപ്പ് നമ്പര്‍ ആയ 999 59 66666 ല്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.