'ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല; ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് പിന്തുണ നല്‍കിയത് തെറ്റ്': കുറ്റം ഏറ്റുപറഞ്ഞ് ഹമാസ് നേതാവ്

 'ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല; ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്  പിന്തുണ നല്‍കിയത് തെറ്റ്': കുറ്റം ഏറ്റുപറഞ്ഞ്  ഹമാസ് നേതാവ്

ടെല്‍ അവീവ്: ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്നും 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കിയത് ശരിയായില്ലെന്നും ഹമാസ് നേതാവ് മൂസ അബു മര്‍സൂഖിന്റെ ഏറ്റു പറച്ചില്‍.

ഇത്രയും പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഒക്ടോബര്‍ ഏഴ് ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കില്ലായിരുന്നുവെന്ന് ഖത്തറിലെ ഹമാസിന്റെ വിദേശകാര്യ വിഭാഗം തലവനായ മര്‍സൂഖ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

ഇസ്രയേലികളും വിദേശികളുമായി 1200 ഓളം പേരെയാണ് ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ വധിച്ചത്. നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കട്ടികളടക്കം 250 ഓളം പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.

ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധ മതഗ്രന്ഥ പാരായണ ആഘോഷമായ 'സിംകറ്റ് തോറ'യോട് അനുബന്ധിച്ച് ഇസ്രയേലില്‍ പൊതു അവധിയായിരുന്നു. ഈ അവസരത്തിലായിരുന്നു ഹമാസിന്റെ ആക്രമണം. ഗാസ അതിര്‍ത്തിയിലെ 40 കിലോമീറ്റര്‍ നീളവും 10 കിലോമീറ്റര്‍ വീതിയുമുള്ള കരയതിര്‍ത്തി വഴിയായിരുന്നു അപ്രതീക്ഷിത കടന്നു കയറ്റം.

ഇത് മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സികളും സൈന്യവും പരാജയപ്പെട്ടിരുന്നു.  എന്നാല്‍  ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 40,000 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറയുന്നത്. മാത്രവുമല്ല, ഇസ്മായേല്‍ ഹനിയ, യഹിയ സിന്‍വാര്‍ തുടങ്ങിയ മുതിര്‍ന്ന ഹമാസ് നേതാക്കളുടെ ജീവനും നഷ്ടമായി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.