തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ശാസ്തമംഗലത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ യുവാവിന് തോട്ടില്‍ വീണ് പരിക്കേറ്റു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂര്‍ ലൈനിനടുത്താണ് യുവാവ് ബൈക്കുമായി വീണത്. മഴയ്ക്ക് പിന്നാലെ തോട്ടില്‍ നല്ല ഒഴുക്കും ഉണ്ടായിരുന്നു. ശ്യാം എന്ന യുവാവാണ് തോട്ടില്‍ വീണത്. യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
പിന്നാലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ബൈക്ക് തോട്ടില്‍ നിന്നും കരയിലെത്തിച്ചത്. തിരുവനന്തപുരം സിറ്റിയില്‍ വൈകുന്നേരം വരെ 40 മില്ലിമീറ്റര്‍ മഴ പെയ്‌തെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു. ഉള്ളൂരില്‍ റോഡിലേക്ക് വെള്ളം കയറി ഗതാഗത കുരുക്കുണ്ടാക്കി.
അരുവിക്കര ഡാമിന് വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇന്ന് വൈകുന്നേരം ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെ.മി വീതം ഉയര്‍ത്തുമെന്ന് അറിയിച്ചു. ഡാമിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.