തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ക്യൂ ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും.
പൊലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താന്‍ സാധിക്കും.
കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാം. 'തുണ' വെബ്സൈറ്റിലും പോള്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജനപക്ഷത്ത് നിന്നാവണം പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടത്. പൊതുജനങ്ങളോടും മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങള്‍ക്ക് ഭയ രഹിതമായി പൊലീസ് സ്റ്റേഷനുകളില്‍ കയറി വരാന്‍ സാധിക്കണമെന്നും യഥാര്‍ത്ഥ പ്രശ്നങ്ങളുമായി വരുന്നവര്‍ക്ക് പരിഹാരവുമായി തിരികെ പോകാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.