'ഞങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ല; മദ്യപാനികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും': എം.വി ഗോവിന്ദന്‍

'ഞങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ല; മദ്യപാനികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും': എം.വി ഗോവിന്ദന്‍

കൊല്ലം: ഞങ്ങളാരും ഒരു തുള്ളി മദ്യം പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും മദ്യപാനികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

മദ്യപാനം, പുകവലി തുടങ്ങിയവ ഒഴിവാക്കി ദാര്‍ശനികമായ ധാരണയില്‍ നിന്ന് വന്നവരാണ് തങ്ങളെല്ലാം. ബാല സംഘത്തിലൂടെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടേയും യുവജന പ്രസ്ഥാനത്തിലൂടേയും വരുമ്പോള്‍ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തില്‍ ഇതുപോലുള്ള മുഴുവന്‍ കാര്യങ്ങളും ഒഴിവാക്കുമെന്നാണ് എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ലഹരി ഉപയോഗത്തെ ശക്തിയായി എതിര്‍ക്കണം. അങ്ങനെയൊരു പൊതുബോധം രൂപപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടല്‍ പാര്‍ട്ടിയുടെയും വര്‍ഗ ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടാകണം. ആ ജനകീയ മുന്നേറ്റത്തില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണി ചേരണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

മയക്കു മരുന്നിന്റെ വലിയ രീതിയിലുള്ള വിപണനവും ഉപഭോഗവും ലോകത്താകെ നടക്കുന്നുണ്ട്. അത് കേരളത്തില്‍ സജീവമാകുന്നു എന്നതാണ് സമീപ ദിവസങ്ങളില്‍ വന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

തീര്‍ച്ചയായും കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളുമായി ചേര്‍ന്ന് ഈ വിപത്തിനെതിരായ ജനകീയമായ മുന്നേറ്റം കേരളത്തില്‍ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വിദ്യാലയങ്ങളിലുള്‍പ്പെടെ ഈ വിഷയം ഗൗരവപൂര്‍വം കൈകാര്യം ചെയ്യണമെന്നും അദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.