സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇപിക്ക് വിമര്‍ശനം; സജിക്ക് മുന്നറിയിപ്പ്: സ്വത്വ രാഷ്ട്രീയത്തെ ചെറുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും വിലയിരുത്തല്‍

സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ഇപിക്ക് വിമര്‍ശനം; സജിക്ക് മുന്നറിയിപ്പ്: സ്വത്വ രാഷ്ട്രീയത്തെ ചെറുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നും വിലയിരുത്തല്‍

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന് മുന്നറിയിപ്പും ഇ.പി ജയരാജന് വിമര്‍ശനവും.

സജി ചെറിയാന്‍ സംസാരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ഇ.പി ജയരാജന്‍ സജീവമല്ലാതിരുന്നത് കൊണ്ടാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംഘടനാ ദൗര്‍ബല്യമുണ്ടെന്നും അത് പരിഹരിച്ചാല്‍ മാത്രമേ തുടര്‍ ഭരണം സാധ്യമാകുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അടിമുടി തിരുത്തല്‍ അനിവാര്യമുള്ളിടത്ത് അത് നടപ്പാക്കണം.

പുതിയ കേഡര്‍മാര്‍ക്ക് സംഘടനാ പ്രവര്‍ത്തനത്തില്‍ പരിചയക്കുറവുണ്ട്. കേഡര്‍മാര്‍ക്കിടയില്‍ പാര്‍ട്ടി വിദ്യഭ്യാസം കുറയുന്നു എന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടി കേഡര്‍മാര്‍ക്കിടയിലെ തെറ്റു തിരുത്തല്‍ പൂര്‍ണമായില്ല. തെറ്റ് തിരുത്തല്‍ തുടര്‍ന്നുകൊണ്ട് പോകണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സഹകരണ ബാങ്കുകളില്‍ നിന്ന് വലിയ തുക ലോണെടുത്ത് തിരിച്ചടക്കാത്ത പ്രവര്‍ത്തകരും നേതാക്കളുമുണ്ട്. കോടികളാണ് ഇങ്ങനെ തിരിച്ചു കിട്ടാനുള്ളത്. സര്‍ക്കുലര്‍ നല്‍കിയിട്ടും തിരിച്ചടയ്ക്കാത്തവരുണ്ട്. എടുത്ത തുക തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി. വലിയ തുക ലോണെടുക്കുന്നവര്‍ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണം എന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

സ്വത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. മേല്‍കമ്മിറ്റി അവലോകന റിപ്പോര്‍ട്ടിലാണ് ഒരു വശത്ത് ബിജെപിയും മറുവശത്ത് മുസ്ലീം ലീഗും സ്വത്വ രാഷ്ട്രീയം സജീവമാക്കി ധ്രുവീകരണമുണ്ടാക്കി വോട്ട് ചേര്‍ത്തുന്നുവെന്ന വിലയിരുത്തലുള്ളത്.

ജാതി, മത സംഘടനകളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. പ്രത്യേകിച്ച് എസ്എന്‍ഡിപിയുടെ സംശയാസ്പദമായ നിലപാട് തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടിലുണ്ട്. ഈഴവ വോട്ടുകളില്‍ ബിജെപി കടന്നു കയറുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയിലേക്ക് ചില മേഖലകളില്‍ നിന്ന് കാര്യമായ വോട്ടു ചോര്‍ച്ചയുണ്ടായി.

യുവജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു പോകുന്നുവെന്ന ഗൗരവതരമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. 2019 ല്‍ ഉണ്ടായതിനെക്കാള്‍ വലിയ വോട്ടു ചോര്‍ച്ചയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത്. 2019 ല്‍ 35.10 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് കിട്ടിയത്.

കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ അത് പിന്നെയും കുറഞ്ഞ് 33.35 ശതമാനം ആയി. അതായത് 1.75 ശതമാനത്തിന്റെ കുറവ്. 10 വര്‍ഷക്കാലത്തിനിടയില്‍ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളെടുത്താല്‍ ഏകദേശം ഏഴ് ശതമാനത്തിന്റെ വോട്ടു ചോര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.