'ജീവന്‍ പണയംവെച്ചുള്ള ജീവിതം ഇനി വയ്യ'; ചൂരല്‍മല പടവെട്ടിക്കുന്ന് നിവാസികള്‍ സമരത്തിലേക്ക്

'ജീവന്‍ പണയംവെച്ചുള്ള ജീവിതം ഇനി വയ്യ'; ചൂരല്‍മല പടവെട്ടിക്കുന്ന് നിവാസികള്‍ സമരത്തിലേക്ക്

കല്‍പറ്റ: ഇനി ജീവന്‍ പണയംവെച്ച് താമസിക്കാനില്ലെന്ന് വ്യക്തമാക്കി സമരത്തിന് ഇറങ്ങാന്‍ ഒരുങ്ങുകയാണ് ചൂരല്‍മല പടവെട്ടിക്കുന്ന് നിവാസികള്‍. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഗുണഭോക്തൃ പട്ടികയില്‍ പടവെട്ടിക്കുന്നില്‍ താമസിക്കുന്ന 27 കുടുംബങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. നിലവില്‍ അപകടസാധ്യതയുള്ള പ്രദേശത്താണ് ഈ കുടുംബങ്ങള്‍ കഴിയുന്നത്.

''ദിവസ വേതനത്തില്‍ ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നവരാണ് ഞങ്ങള്‍. വികസനത്തിനും ടൂറിസത്തിനുമൊന്നും എതിരല്ല. ഞങ്ങള്‍ക്ക് വലുത് ഞങ്ങളുടെ കുട്ടികളുടെ ഭാവിയും മാതാപിതാക്കളുടെ സംരക്ഷണവുമാണ്. ഞങ്ങളെയും പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം''- ചൂരല്‍മല സ്‌കൂള്‍റോഡിലെ പടവെട്ടിക്കുന്ന് ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങള്‍ ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത് ഇതാണ്.

ഉരുള്‍ദുരന്തത്തെ മുഖാമുഖം കണ്ട് ഭീതിയില്‍ കഴിയുന്ന ഇവര്‍ ഇനി ജീവന്‍ പണയംവെച്ച് താമസിക്കാനില്ലെന്നാണ് പറയുന്നത്. ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ അപകട സാധ്യതയുള്ള പ്രദേശത്തെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിട്ടുള്ളതാണ്. പടവെട്ടിക്കുന്ന് വാസയോഗ്യമല്ലെന്നും ഇവിടെയുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും റവന്യുമന്ത്രി കെ. രാജനും വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ഇവര്‍ പറയുന്നു. ദുരന്തസാധ്യതാ പ്രദേശമായിട്ടും ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് പടവെട്ടിക്കുന്ന് പ്രദേശത്തെ കുടുംബങ്ങളെ ഒഴിവാക്കിയിരിക്കുകയാണ്.

ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ടിലെ നോ ഗോ സോണില്‍ നിന്ന് 50 മീറ്റര്‍ പരിധിയിലെ വീടുകളെ പരിഗണിച്ച രണ്ടാംഘട്ട ബി പട്ടികയില്‍ പടവെട്ടിക്കുന്ന് പ്രദേശത്തെ 30 വീടുകളില്‍ മൂന്ന് വീടാണ് ആകെ ഉള്‍പ്പെട്ടത്. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് വീടുകളില്‍ എത്താനുള്ള റോഡ് പൂര്‍ണമായും നോ ഗോ സോണായി അടയാളപ്പെടുത്തി. അധികൃതര്‍ ഈ പ്രദേശം സന്ദര്‍ശിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെയാണ് സുരക്ഷിത മേഖലയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

മാത്രമല്ല ദുരന്തത്തിന് ശേഷം ആള്‍ത്താമസമില്ലാതെ വന്നതിനാല്‍ പ്രദേശത്ത് കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ ശല്യം രൂക്ഷമാണ്. മിക്ക കൃഷിയിടങ്ങളിലും കാട്ടാനകള്‍ വ്യാപകനാശം വരുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.