തിരുവനന്തപുരം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രമേയങ്ങളില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്ത് പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞു മുറുക്കുന്ന ലഹരി മാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ലഹരി മരുന്നിന് അടിമകളാകുന്നവര്‍ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തില്‍ പെരുമാറുന്നു. കൊടും വയലന്‍സിലേക്കും പീഡനങ്ങളിലേക്കും വഴുതി വീഴുന്നു.
കുട്ടികള്‍ പോലും ലഹരി വാഹകരും കച്ചവടക്കാരുമാകുന്നു. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വരെ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാതെ കേരളത്തെയും സിപിഎമ്മിനെയും യാതൊരു തരത്തിലും ബാധിക്കാത്ത ആഗോള രാഷ്ട്രീയം ചര്‍ച്ച ചെയ്തു കയ്യടി വാങ്ങിയിട്ട് എന്തു കാര്യമെന്നും ചെന്നിത്തല ചോദിച്ചു.
ലഹരി മരുന്നിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് ഭയമാണ്. കാരണം അതേക്കുറിച്ച് ചര്‍ച്ച ചെയ്താല്‍ ഈ ഭീകരാവസ്ഥയ്ക്ക് അറുതി വരുത്താന്‍ കഴിയാത്ത ഭരണ പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരും.
പിണറായി വിജയന്‍ സര്‍ക്കാര്‍ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. ഇതൊക്കെ ഒഴിവാക്കി കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഈ സിപിഎം സംസ്ഥാന സമ്മേളനമെന്നും ചെന്നിത്തല പറഞ്ഞു.