ആഹ്ലാദ പ്രകടനങ്ങളൊന്നും വേണ്ട! സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്

ആഹ്ലാദ പ്രകടനങ്ങളൊന്നും വേണ്ട! സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞുള്ള ആഘോഷങ്ങള്‍ക്ക് വിലക്ക്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികള്‍ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസര്‍കോട് പത്താം ക്ലാസിലെ യാത്രയയപ്പ് ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയില്‍ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതും കണക്കിലെടുത്താണ് നടപടി.

കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം അയയ്ക്കും.

അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഹോളി മോഡല്‍ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചില്‍ നടത്തുന്നത് പലപ്പോഴും സംഘര്‍ഷത്തിലെത്താറുണ്ട്. പരീക്ഷ കഴിഞ്ഞ ഉടന്‍ കുട്ടികള്‍ വീട്ടിലേക്ക് മടങ്ങണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കര്‍ശന നിര്‍ദേശം നല്‍കണം. വീട്ടില്‍ പതിവ് സമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം.

ചില വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ടോയ്‌ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതിനാല്‍ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.

അവസാന പരീക്ഷ കഴിഞ്ഞാല്‍ ക്യാമ്പസില്‍ കുട്ടികള്‍ നില്‍ക്കാന്‍ പാടില്ല. തീരുമാനം കര്‍ശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.