'ഉദ്യോഗസ്ഥര്‍ ലഹരി മാഫിയകളുടെ നക്കാപ്പിച്ച വാങ്ങുന്നു'; ബ്രൂവറി വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാതോലിക്കാ ബാവ

'ഉദ്യോഗസ്ഥര്‍ ലഹരി മാഫിയകളുടെ നക്കാപ്പിച്ച വാങ്ങുന്നു'; ബ്രൂവറി വിഷയത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാതോലിക്കാ ബാവ

പാലക്കാട്: ബ്രൂവറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മദ്യത്തിനും മയക്കുമരുന്നിനും എതിരെ ശക്തമായ നിയമങ്ങള്‍ ഉണ്ടെങ്കിലും ഇതൊന്നും ഉപയോഗിക്കാതെ ഉദ്യോഗസ്ഥര്‍ മാഫിയകളുടെ നക്കാപ്പിച്ച വാങ്ങുകയാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്കെതിരായ സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു അദേഹത്തിന്റെ പ്രതികരണം.

എലപ്പുള്ളിയിലെ ജലത്തുള്ളി പോരാട്ടം എന്ന പേരിലാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബ്രൂവറിക്കെതിരെ സമരം നടക്കുന്നത്. ഇതിന് പിന്തുണയുമായി എത്തിയ കാതോലിക്കാ ബാവ രൂക്ഷമായ വിമര്‍ശനമാണ് സര്‍ക്കാറിന് നേരെ ഉയര്‍ത്തിയത്. മദ്യവും മയക്കുമരുന്നും വലിയ പ്രതിസന്ധിയാവുകയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഇവിടെയും നിയമങ്ങളുണ്ട്. എന്നാല്‍ മാഫിയകളുടെ നക്കാപ്പിച്ച വാങ്ങി നടപടി സ്വീകരിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറുകയാണെന്ന് അദേഹം വ്യക്തമാക്കി.

സാധാരണക്കാരുടെ നികുതി പിടിച്ചു വാങ്ങാന്‍ തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ സമ്പത്തുള്ളവരുടെ നികുതി വാങ്ങാന്‍ തിടുക്കം കാട്ടുന്നില്ല . ഓരോ തിരഞ്ഞെടുപ്പിനും ഇത്തരം ആളുകള്‍ രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കുന്നതിന്റെ പ്രതിഫലമാണ് ഇതെന്നും കാതോലിക്കാ ബാവാ വിമര്‍ശിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരിച്ചപ്പോഴും മദ്യത്തിന്റെ ഉപയോഗത്തെ കുറയ്ക്കാന്‍ സാധിച്ചിരുന്നില്ല എന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വേദിയില്‍ ഇരിക്കെ കാത്തോലിക്കാ ബാവ വിമര്‍ശിച്ചു. എലപ്പുള്ളിയില്‍ ബ്രൂവറി വരുന്നത് വലിയ പ്രതിസന്ധിയാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.