കൊച്ചി: കോഴിക്കോട് ആറ് വയസുകാരിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാം പ്രതിയും രണ്ടാനമ്മയുമായ റംല ബീഗം എന്നിവര്‍ക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.
2013 ഏപ്രില്‍ 29 നാണ്  തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അദിതി എസ്. നമ്പൂതിരി മരിച്ചത്. മനസാക്ഷിയെ നടുക്കിയ ക്രൂരത മാസങ്ങളോളം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ അരുണിന്റെ സാക്ഷി മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അദിതി മരിക്കുമ്പോള്‍ പത്ത് വയസായിരുന്നു സഹോദരന്റെ പ്രായം.
സഹോദരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പലപ്പോഴും ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കാറുണ്ടെന്നും രണ്ടാനമ്മ തിളച്ച വെള്ളം അദിതിയുടെ ദേഹത്ത് ഒഴിച്ച് പൊള്ളിച്ചതായും അരുണ്‍ മൊഴി നല്‍കിയിരുന്നു. കോഴിക്കോട് ഈസ്റ്റ്ഹില്‍ ബി.ഇ.എം യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മരണപ്പെടുമ്പോള്‍ അദിതി.
പ്രതികള്‍ക്കെതിരെ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തല്‍. ഇരുവര്‍ക്കും കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതി മൂന്ന് വര്‍ഷം തടവാണ് വിധിച്ചത്. ഈ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ജീവപര്യന്തം വിധിക്കുകയായിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം ഇരുവരെയും ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ രണ്ട് ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സൂബ്രമണ്യന്‍ നമ്പൂതിരുയുടെ ആദ്യ ഭാര്യ വാഹനാപകടത്തിലാണ് കൊല്ലപ്പെട്ടത്. അതിന് ശേഷം റംല ബിഗത്തെ വിവാഹം കഴിക്കുകയായിരുന്നു. 2012 ജൂണ്‍ 26 നായിരുന്നു ഇവരുടെ കല്യാണം. അതിന് ശേഷം കുട്ടികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദമ്പതികള്‍ പ്രവര്‍ത്തിച്ചത്. പത്ത് മാസത്തിന് ശേഷമാണ് അദിതി മരിച്ചത്. ഇടുപ്പിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള ചതവും അണുബാധയുമാണ് മരണകാരണമായതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.