കൊല്ലം: സിപിഎമ്മിന്റെ ഇതുവരെയുണ്ടായിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തി പുതിയ നയരേഖ. കൊല്ലത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച 'നവ കേരളത്തിന് ഒരു പുതിയ വഴി' എന്ന ദര്‍ശന രേഖ പാര്‍ട്ടിയുടെ പുതിയ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും വ്യക്തമാക്കുന്നു.
ഇടതു മുന്നണിയിലും വ്യാപക ചര്‍ച്ചയ്ക്ക് വിധേയമാകുന്ന നിര്‍ദേശങ്ങള്‍, ഫെഡറല്‍ അവകാശങ്ങള്‍ക്കെതിരെ സംസ്ഥാനം നേരിടുന്ന പുതിയ വെല്ലുവിളികള്‍ക്കുള്ള മുന്നൊരുക്കം കൂടിയാണ്. എന്നാല്‍ നയരേഖയിലെ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കില്‍ സെസ് ഈടാക്കുക, വ്യക്തികളില്‍ നിന്നുള്ള ആഭ്യന്തര വിഭവ സമാഹരണം തുടങ്ങിയവ പാര്‍ട്ടിയില്‍ തന്നെ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ പ്രവര്‍ത്തിപ്പിക്കാനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറണമെന്നും നയരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതെല്ലാം പാര്‍ട്ടിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് സിപിഎം നേതൃത്വത്തിനറിയാം.
ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിനും ഓഹരി വിറ്റഴിക്കലിനും വഴി തുറന്നതിന് ശേഷം സിപിഎം നവലിബറല്‍ ആഗോളവല്‍ക്കരണ വിരുദ്ധ നയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
സമ്പന്നര്‍ക്ക് സൗജന്യങ്ങള്‍ നല്‍കണമോ എന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖ നിര്‍ദ്ദേദശിക്കുന്നു. പരിഹാരമായി വ്യത്യസ്ത നിരക്കുകള്‍ ഈടാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. കിഫ്ബി നിര്‍മിച്ച റോഡുകളില്‍ ടോള്‍ ഫീസ് നടപ്പിലാക്കുന്നതും പരിഗണനയിലാണ്.
ഇതിന്റെ രാഷ്ട്രീയ തിരിച്ചടികളെക്കുറിച്ച് ബോധ്യമുള്ള സിപിഎം നേതൃത്വം, എല്ലാ കുറ്റവും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ബിജെപി നയിക്കുന്ന സര്‍ക്കാരിന്റെ കേരള വിരുദ്ധ നിലപാടും സാമ്പത്തിക സഹായങ്ങള്‍ നിഷേധിക്കലുമാണ് അതിജീവനത്തിനുള്ള മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത് എന്നാണ് നേതാക്കളുടെ പ്രതികരണം.