മാനന്തവാടി: ലഹരി വസ്തുക്കള്‍ നിര്‍മിക്കുകയും സംഭരിക്കുകയും ചെയ്യുന്ന ഉറവിടം കണ്ടെത്തി അതിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം. കെസിബിസി മദ്യവിരുദ്ധ സമിതി രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
കുറഞ്ഞ അളവില്‍ വില്‍ക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ മാത്രം പെറ്റി കേസ് എടുത്ത് വന്‍ സ്രാവുകളെ ഒഴിവാക്കുന്ന സമീപനമാണ് ഇന്ന് നിലവിലുള്ളതെന്നും മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയകളെ നിയമത്തിന്റെ മുമ്പില്‍ എത്തിക്കുവാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പോലും അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നതെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള മുഖ്യ പ്രഭാഷണത്തില്‍ വ്യക്തമാക്കി.
ലഹരിവ സ്തുക്കളുടെ വിതരണവും ഉപയോഗവും വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ യോഗം, ലഹരിയെ ചെറുക്കുന്നതിന് ആവശ്യമായ കര്‍മ പദ്ധതികള്‍ക്കും രൂപം നല്‍കി. ഇടവകകള്‍ തോറും മദ്യ, ലഹരി വിരുദ്ധ സമിതികള്‍ രൂപീകരിക്കാനും സ്‌കൂളുകളിലും കോളജുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
കെസിവൈഎം രൂപത പ്രസിഡന്റ് വി.ഡി രാജു വലിയാറയില്‍ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. സണ്ണി ജോസ് മഠത്തില്‍, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. തോമസ് കച്ചിറയില്‍, സിസ്റ്റര്‍ ആനീസ് എബ്രഹാം, ജോണ്‍സണ്‍ തൊഴുതുങ്കല്‍, മാത്യു ആര്യപള്ളി, മരിയ ഇഞ്ചിക്കാലയില്‍, ലില്ലി മാത്യു, മനോജ് കുമാര്‍, കുര്യന്‍ കരുവള്ളിത്തറ, ടെസി കറുത്തേടത്ത്, റീത്ത സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.