മൊഴി നല്‍കാന്‍ ഇരകള്‍ തയ്യാറല്ല; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

മൊഴി നല്‍കാന്‍ ഇരകള്‍ തയ്യാറല്ല; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്

കൊച്ചി: മലയാള സിനിമയെ പിടിച്ചുലച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങി പൊലീസ്.

കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ പിന്നീട് പൊലീസിന് മൊഴി നല്‍കാനോ അന്വേഷണത്തില്‍ സഹകരിക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എഴുതി തള്ളിയേക്കും. ഈ മാസം അവസാനത്തോടെ ഇതിനായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹേമാ കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയ പരാതിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. നാല്‍പതോളം കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഇതില്‍ ഒന്‍പത് കേസുകള്‍ മാത്രമാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. മറ്റ് കേസുകളില്‍ തുടര്‍ നടപടികളുമായി സഹകരിക്കാന്‍ ഇരകള്‍ ആരും തയ്യാറായില്ല. ഈ കേസുകളില്‍ ഭൂരിഭാഗത്തിലും നടപടികള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പന്ത്രണ്ടോളം കേസുകളില്‍ ഇരകള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കേണ്ട രഹസ്യമൊഴി പോലും നല്‍കാന്‍ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ ആഴ്ച യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഉയര്‍ന്ന പരാതികളില്‍ മുകേഷ്, സിദ്ദിഖ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ നടന്മാരെ പ്രതികളാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴിപ്രകാരം കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.