എടത്വാ: എടത്വാ മുത്തപ്പ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മലയാറ്റൂര്‍ കാല്‍നട തീര്‍ത്ഥാടനം 25-ാം നിറവില്‍. കുട്ടനാട്ടിലെ എടത്വായില്‍ നിന്നും യേശുവിന്റെ അരുമ ശിഷ്യന്റെ പാദസ്പര്‍ശമേറ്റ മലയാറ്റൂരിന്റെ പുണ്യമണ്ണിലേക്ക് നടത്തപ്പെടുന്ന സ്‌നേഹസൗഹാര്‍ദ്ദ വിശ്വാസ പ്രഖ്യാപന കാല്‍നട തീര്‍ത്ഥയാത്രയാണിത്.
'നമുക്കും അവനോടു കൂടെ പോയി മരിക്കാം' എന്നു പറഞ്ഞ് തന്റെ വിശ്വാസം ഏറ്റുചൊല്ലിയ ക്രിസ്തുശിഷ്യന്റെ പാദസ്പര്‍ശമേറ്റ മണ്ണിലേക്ക് എടത്വായില്‍ നിന്നും മുത്തപ്പസംഘം നടത്തുന്ന, സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും വിശ്വാസത്തിന്റേയും കതിരൊളി ചൊരിയുന്ന കാല്‍നടതീര്‍ത്ഥാടനം 24 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച് 25-ാം വര്‍ഷത്തിലേയ്ക്ക് കടക്കുകയാണ്. മനുഷ്യകുലത്തെ വീണ്ടെടുക്കുവാന്‍ മര്‍ത്യനായ ദൈവപുത്രന്റെ പീഡകളെ സ്മരിച്ചുകൊണ്ട് വിശുദ്ധവാരത്തില്‍ നടത്തപ്പെടുന്ന ഈ സഹനയാത്ര ആത്മീയ വിശുദ്ധീകരണത്തിന്റേയും ചെറുതാകലിന്റേയും പാത തുറക്കുന്നു.
2000 ല്‍ 17 പേരുമായി തുടക്കം കുറിച്ച ഈ പദയാത്ര രജതജൂബിലിയുടെ നിറവിലാണ്. ജാതിമതഭേദമന്യേ വിദ്യാര്‍ത്ഥികളും യുവാക്കളും മുതിര്‍ന്നവരും സമൂഹത്തിന്റെ നാനാത്തുറയിലുള്ളവരും ഈ തീര്‍ത്ഥയാത്രയുടെ ഭാഗമാകുന്നു എന്നത് സന്തോഷകരവും അഭിമാനകരവുമാണ്. ഓരോ വര്‍ഷം കഴിയുന്തോറും എളിമയുടെ സഹനവഴികള്‍ താണ്ടാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
ക്രിസ്തുവിന്റെ അരുമശിഷ്യന്‍ തോമാശ്ലീഹായുടെ കാല്‍പാദം പതിഞ്ഞ മണ്ണില്‍ അദേഹത്തെ കാണുവാനും പ്രാര്‍ത്ഥിക്കുവാനും നിയോഗങ്ങള്‍ സമര്‍പ്പിക്കുവാനുമായി വെയിലും മഴയും ക്ഷീണവും രോഗവുമൊന്നും വകവയ്ക്കാതെ നിലക്കാത്ത 'മുത്തപ്പമന്ത്രങ്ങള്‍' ഉരുവിട്ട് 140 കിലോമീറ്ററോളം ദൂരം നാല് ദിവസങ്ങളിലായി നടന്ന് നീങ്ങുന്നു മുത്തപ്പസംഘം. പിന്നിടുന്ന വീഥികളിലെല്ലാം സ്‌നേത്തിന്റേയും കാരുണ്യത്തിന്റേയും കരുതല്‍ അനുഭവിച്ചാണ് തീര്‍ത്ഥാടകര്‍ ചുവടുവയ്ക്കുന്നത്.

ഒരുക്കങ്ങള്‍:
സ്വയം വിചിന്തനത്തിനും അത്മീയരൂപാന്തരീകരണത്തിനുമുള്ള സമയമാണ് നോമ്പുകാലം. കേവല ഭക്ഷണ നിയന്ത്രണത്തില്‍ ഉപരി പ്രാര്‍ത്ഥനകളില്‍, പരസഹായ പ്രവര്‍ത്തികളില്‍ മുഴുകുന്ന നിമിഷങ്ങള്‍. കാല്‍നട തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്ന ഓരോ തീര്‍ത്ഥാടകരും വ്രതാനുഷ്ഠാനങ്ങള്‍ കൃത്യമായി പാലിച്ച് ആത്മീയവും ശാരീരികവുമായ ഊര്‍ജ്ജം സംഭരിച്ചാണ് യാത്രക്കൊരുക്കുന്നത്.
ഒരു നാട് മുഴുവന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരുടെയെല്ലാം യാത്രകള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ചെയ്ത് കരുത്തായി കൂടെ നില്‍ക്കുകയും ചെയ്യുന്നു. മുത്തപ്പ സംഘത്തിന്റെ ഈ തീര്‍ത്ഥാടനം വെറുമൊരു നടത്തമല്ല, മറിച്ച് തിരിഞ്ഞു നടത്തമാണ്. എളിമയിലേക്കും സ്‌നേഹത്തിലേക്കും ഒരുമയിലേക്കുമുള്ള തിരിഞ്ഞു നടത്തം. നമുക്കുവേണ്ടി പീഡകള്‍ സഹിച്ച്, പ്രാണന്‍ ഹോമിച്ച് ശൂന്യനായ യേശുക്രിസ്തുവിനോട് താദാത്മ്യം പ്രാപിക്കുന്ന യാത്ര.
നാല് ദിനരാത്രങ്ങള്‍ നീളുന്ന ഈ യാത്ര കേവല പദയാത്രയിലുപരി നാം കെട്ടിയുണ്ടാകിയ പല ബിംബങ്ങളില്‍ നിന്നും നമ്മുടെ മനസിനെ ഉടച്ചു വാര്‍ക്കുന്ന തിരിച്ചറിവ് പകരുന്ന, ആത്മീയാനുഭൂതി സമ്മാനിക്കുന്ന നിമിഷങ്ങളാണ്. എത്ര അനുഗ്രഹീതരാണ് നാം എന്ന് നമ്മെ ഉദ്‌ബോധിപ്പിക്കുന്ന വലിയ യാത്ര. പലതും വെട്ടിപ്പിടിക്കാന്‍ നാം പരക്കം പായുമ്പോള്‍, മറന്ന് പോകുന്ന പലതും മനസിന്റെ വഴിത്താരകളില്‍ തെളിഞ്ഞുവരുന്നു ഈ യാത്രയില്‍.
ഇന്ന് നാം അനുഭവിക്കുന്ന സുഖസൗകര്യങ്ങളും നമ്മുടെ ആരോഗ്യവുമൊക്കെ നമുക്ക് ലഭിച്ച ദൈവാനുഗ്രഹങ്ങളാണെന്ന ബോധ്യത്തിലേക്ക് നമ്മെ നയിക്കുന്ന കൃതജ്ഞതാബലിയായി മാറുന്ന പുണ്യയാത്ര. മനസിനെ പരിവര്‍ത്തനത്തിന്റെ പാതയിലേക്കാനയിക്കുന്ന ചാലകശക്തിയായി മാറുന്ന മനോഹര യാത്ര.
നാടിന്റെ നട്ടെല്ലായ യുവജനങ്ങളെ കാര്‍ന്നുതിന്നുന്ന വിപത്തായ മയക്കുമരുന്നുകളെ സമൂഹത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും സാമൂഹിക പ്രതിബദ്ധതയോടെ കൈകോര്‍ക്കാം എന്ന പ്രധാന സന്ദേശം മുത്തപ്പസംഘം ഈ യാത്രയില്‍ പങ്കുവയ്ക്കുന്നു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന തിന്മകളുടേയും കുറ്റകൃത്യങ്ങളുടേയും മരുവില്‍ സ്‌നേഹത്തിന്റേയും പങ്കുവയ്ക്കലിന്റേയും ഒരുമയുടേയും മാനവീയതയുടേയും മഞ്ഞുതുള്ളികള്‍ വീഴട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് മുത്തപ്പ സംഘം ഇരുപത്തഞ്ചാമത് കാല്‍നടതീര്‍ത്ഥാടനത്തിനായി ഒരുങ്ങുന്നത്.
'സ്‌നേഹത്തിലൂടെ ഒന്നാകാം' എന്ന മഹത് വചനം മുത്തപ്പ സംഘം സമൂഹത്തിനായി പങ്കുവയ്ക്കുന്നു. ഏറെ പ്രാധാന്യമുള്ള ഇത്തവണത്തെ മുത്തപ്പ സംഘത്തിന്റെ മലയാറ്റൂര്‍ തീര്‍ത്ഥാടനം 2025 ഏപ്രില്‍ 14 തിങ്കളാഴ്ച എടത്വാ സെന്റ്. ജോര്‍ജ് ഫൊറോനാ പള്ളിയില്‍ രാവിലെ 6:00 മണിയുടെ വി. കുര്‍ബാനക്ക് ശേഷം പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്റെ പ്രാര്‍ത്ഥനാ ആശീര്‍വാദങ്ങളോടെ ആരംഭിക്കും. ഏപ്രില്‍ 17 -ാം തിയതി പെസഹാ വ്യാഴാഴ്ച രാവിലെ മലയാറ്റൂര്‍ കുരിശുമല കയറി തോമാശ്ലീഹായുടെ തിരുനടയില്‍ പ്രാര്‍ത്ഥിക്കുന്നതോടെ സമാപിക്കും.