കോഴിക്കോട്: ലഹരിക്കടത്തിനെതിരെ ശക്തമായ നടപടിതുടങ്ങിയ സിറ്റി പൊലീസ്, എംഡിഎംഎ കടത്തിന്റെ പ്രധാനകണ്ണികളായ രണ്ട് ടാന്‍സാനിയന്‍ സ്വദേശികളെ പഞ്ചാബിലെ താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ പഗ്വാരയിലെ ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ ബിടെക് വിദ്യാര്‍ഥി കലഞ്ചന ഡേവിഡ് എന്റമി (22), ബിബിഎ വിദ്യാര്‍ഥിനി മയോങ്ക അറ്റ്ക ഹരുണ (22) എന്നിവരെയാണ് കുന്ദമംഗലം ഇന്‍സ്പെക്ടര്‍ എസ്. കിരണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജനുവരി 21 ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കാസര്‍കോട് മഞ്ചേശ്വരം ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമില്‍ (27) കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ശിവഗംഗയില്‍ അഭിനവ് (24) എന്നിവര്‍ക്ക് രാസലഹരി ലഭിച്ച വഴിതേടിയുള്ള പൊലീസ് അന്വേഷണമാണ് ടാന്‍സാനിയക്കാരിലേക്ക് എത്തിയത്. പല ഇടനിലക്കാര്‍വഴി കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ച വകയിലുള്ള പണം കൈപ്പറ്റിയത് ഇവരുടെ അക്കൗണ്ടുവഴിയാണെന്ന് പലീസ് കണ്ടെത്തിയിരുന്നു.
കുന്ദമംഗലം പൊലീസ് പഞ്ചാബില്‍വെച്ച് അറസ്റ്റുചെയ്ത ടാന്‍സാനിയക്കാര്‍ അന്താരാഷ്ട്ര രാസലഹരി ഇടപാട് ശൃംഖലയിലെ കണ്ണികളാണെന്ന് കണ്ടെത്തി. ഇവര്‍ ഇന്ത്യയിലെത്തിയത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനാണെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ടാന്‍സാനിയക്കാരെ ചോദ്യം ചെയ്തപ്പോഴാണ് ഇത് വ്യക്തമായത്.
രണ്ട് വര്‍ഷം മുന്‍പാണ് ഇരുവരും പ്രൊഫഷണല്‍ ബിരുദ പഠനത്തിന് ഇന്ത്യയില്‍ എത്തുന്നത്. ടാന്‍സാനിയന്‍ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ എത്തിയ ഇരുവരും ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള കുടുംബത്തില്‍ നിന്നുള്ളവരാണ്. മയോങ്ക അറ്റ്ക ഹരുണയുടെ പിതാവ് താന്‍ ടാന്‍സാനിയയില്‍ ന്യായാധിപനാണ്. കേരളത്തില്‍ ഉള്‍പ്പെടെ രാസലഹരി വിറ്റ് ലഭിക്കുന്ന പണത്തില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന വിഹിതം ആര്‍ഭാട ജീവിതം നയിക്കാനാണ് ഇരുവരും ചെലവിടുന്നത്. ഇരുവരും ഒന്നിച്ച് താമസിക്കുന്ന വീട്ടിലും വീടിനോടടുത്തുള്ള സ്പായിലും ഇവര്‍ ആര്‍ഭാട ജീവിതം നയിച്ചതിന്റെ തെളിവുകള്‍ പൊലീസ് ശേഖരിച്ചു.
പഗ് വാരയിലെ സമാന്തര സമ്പദ്‌വ്യവസ്ഥ ഇവര്‍ താമസസ്ഥലത്തിന്റെ ചുറ്റുപാടും സൃഷ്ടിച്ചിരുന്നു. എല്ലാവര്‍ക്കും ഒരേ രൂപസാദൃശ്യമുള്ളതും പൊലീസ് സംഘത്തിനെ കുഴക്കിയിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുവരെയും കണ്ട ഉടനെ പൊലീസ് ഇവരുടെ പേര് വിളിക്കുകയായിരുന്നു. തിരിഞ്ഞ് നോക്കിയ ഉടനെ പൊലീസ് ഇരുവരെയും വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന മുറിയിലെത്തി ലാപ്ടോപ്പുകളും മൊബൈല്‍ഫോണുകളും കണ്ടെടുത്തു.