ന്യൂയോർക്ക്: പാലസ്‌തീൻ വിദ്യാർത്ഥിയായ മഹ്‌മൂദ് ഖലീലിന്റെ മോചനം ആവശ്യപ്പെട്ട് ന്യൂയോർക്കിലെ ട്രംപ് ടവറിന് മുന്നിൽ പ്രതിഷേധ പ്രകടനം. ജൂയിഷ് വോയിസ് ഫോർ പീസ് എന്ന ജൂത സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്. മഹ്‌മൂദിനെ അനുകൂലിക്കുന്ന മുദ്രാവാക്യം വിളികളുമായാണ് സമരക്കാർ ലോബി കൈയേറിയത്. നൂറോളം പേരെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കൊളംബിയ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ പഠനം മെയ് മാസം പൂർത്തിയാക്കാനിരിക്കവെയാണ് മുപ്പതുകാരനായ ഖലീൽ കഴിഞ്ഞ ആഴ്ച അറസ്റ്റിലാകുന്നത്. അമേരിക്കയിൽ പെർമനെന്റ് റെസിഡന്റായ ഖലീൽ അമേരിക്കൻ പൗരയായ നൂർ അബ്ദുള്ളയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
ഖലീൽ പാലസ്തീൻ രാഷ്ട്രിയത്തിൽ താല്പര്യമുള്ളയാളാണെന്ന് എട്ട് മാസം ഗർഭിണിയായ ഭാര്യ നൂർ പറഞ്ഞു. വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ട ഖലീൽ ലൂയിസിയാനയിൽ ആണെന്നാണ് വിവരം.
കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ഹമാസ് ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഖലീൽ സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഭർത്താവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയെന്ന് ഭാര്യ ആരോപിച്ചു. തന്റെ നിലപാടിൽ ഉറച്ച് നിന്നതിന്റെ പേരിൽ അദേഹത്തെ കസ്റ്റഡിയിൽ വയ്ക്കുന്നത് വളരെ മോശമായ പ്രവർത്തിയാണ്. എത്രയും വേഗം ഖലീലിനെ മോചിപ്പിച്ച് കുടുംബത്തോടൊപ്പം വിടണമെന്നും ഭാര്യ പറഞ്ഞു. ഖലീലിന്റെ അറസ്റ്റ് വരാൻ പോകുന്ന അനേകം അറസ്റ്റുകളുടെ മുന്നോടിയാന്നെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.