വത്തിക്കാൻ സിറ്റി : സാങ്കേതികവിദ്യ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ഏപ്രിൽ മാസത്തെ പ്രാർഥനാ നിയോഗം പ്രസിദ്ധീകരിച്ച് വത്തിക്കാൻ.
“സാങ്കേതിക വിദ്യ ദൈവം നമുക്ക് നൽകിയ ബുദ്ധിശക്തിയുടെ ഫലമാണെന്നത് സത്യമാണ്. പക്ഷേ നമ്മൾ അത് നന്നായി ഉപയോഗിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യയെ വിഭജിക്കാനല്ല, ഒന്നിപ്പിക്കാനായി ഉപയോഗിക്കുക. ദരിദ്രരെ സഹായിക്കാനും രോഗികളുടെയും വ്യത്യസ്ത കഴിവുകളുള്ള വ്യക്തികളുടെയും ജീവിതം മെച്ചപ്പെടുത്താനും നമ്മുടെ പൊതുഭവനത്തെ പരിപാലിക്കാനും ഒക്കെ സാങ്കേതികവിദ്യ ഉപയോഗിക്കുക”- പാപ്പ പറഞ്ഞു.
“നമ്മൾ സ്‌ക്രീനുകളിൽ കുറച്ച് സമയം നോക്കുകയും കൂടുതൽ സമയം പരസ്പരം നോക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആളുകളുമായി ചിലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം നമ്മുടെ സെൽഫോണുകളിൽ ചിലവഴിക്കുന്നത് തെറ്റാണ്. ശ്വസിക്കുകയും ചിരിക്കുകയും കരയുകയും ചെയ്യുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ടെന്ന് സ്‌ക്രീനിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ നാം മറക്കുന്നു” – ഏപ്രിൽ ഒന്നിന് പുറത്തിറക്കിയ മുൻകൂട്ടി റെക്കോർഡ് ചെയ്‌ത വീഡിയോയിൽ മാർപാപ്പ പറഞ്ഞു.