വത്തിക്കാന്‍ സിറ്റി : എഡി 325-ല്‍ സിൽവസ്റ്റർ ഒന്നാമൻ മാർപാപ്പ വിളിച്ച് ചേർത്ത ഒന്നാം നിഖ്യാ കൗൺസിലിന്റെ ഉദ്ഘാടനത്തിന്റെ 1700ാം വാര്‍ഷികത്തോടനുബന്ധിച്ച് ചരിത്രരേഖ പുറത്തിറക്കി വത്തിക്കാന്‍. ആര്യൻ പാഷണ്ഡതയുടെ വ്യാപനത്തിനിടയിൽ വിശ്വാസ പ്രഖ്യാപനമായി യേശു ക്രിസ്തുവിന്റെ ദൈവികതയെ ഉയർത്തിക്കാട്ടിയ സഭയുടെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനായാണ് ചരിത്രരേഖ പുറത്തിറക്കിയത്
‘യേശുക്രിസ്തു, ദൈവപുത്രൻ, രക്ഷകൻ: നിഖ്യായിലെ എക്യുമെനിക്കൽ കൗൺസിലിന്റെ 1700-ാം വാർഷികം’ എന്ന പേരിലാണ് അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷൻ (ഐടിസി) രേഖ പ്രസിദ്ധീകരിച്ചത്.
ക്രിസ്തു നമ്മുടെ പ്രത്യാശ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ആഘോഷിക്കുന്ന ജൂബിലി വര്‍ഷത്തിലും കിഴക്കും പടിഞ്ഞാറും ഉള്ള ക്രൈസ്തവര്‍ ഈസ്റ്റര്‍ ഒരേ ദിവസം ആഘോഷിക്കുന്ന വര്‍ഷത്തിലുമാണ് നിഖ്യാ കൗണ്‍സിലിന്റെ 1700ാം വാര്‍ഷികം ആഘോഷിക്കുന്നതെന്നത് ശ്രദ്ധേയമാണെന്ന് ഐടിസി പറഞ്ഞു.
ഈ രേഖ വെറുമൊരു ചരിത്ര രേഖയോ അക്കാദമിക് ദൈവ ശാസ്ത്രത്തിന്റെ പാഠമോ അല്ല. ക്രിസ്ത്യാനികൾക്കിടയിൽ സാഹോദര്യം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക സഭകൾക്കുള്ളിൽ കത്തോലിക്കാ വിശ്വാസികളുടെ കൂടുതൽ പങ്കാളിത്തം പ്രചോദിപ്പിക്കാനുമുള്ള ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹത്തോട് ഈ രേഖ പ്രതികരിക്കുന്നുവെന്ന് വത്തിക്കാന്റെ ദൈവശാസ്ത്ര കമ്മീഷൻ പറഞ്ഞു.
നിഖ്യാ വിശ്വാസപ്രമാണം സഭയുടെ വിശ്വാസത്തിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു. യേശുവിന്റെയും അവിടുന്നിലൂടെ ദൈവപിതാവിന്റെയും കരുണാകടാക്ഷത്തിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന ജീവജലത്തിന്റെ ഉറവിടമായി അത് ഇന്നും നിലകൊള്ളുന്നു. സഭയുടെ ഐക്യവും ദൗത്യവും സാര്‍വത്രിക തലത്തില്‍ ഒരുമിച്ചു നടക്കുക എന്ന സിനഡല്‍ രൂപത്തിലൂടെ ആദ്യമായി പ്രകടിപ്പിക്കപ്പെട്ടത് നിഖ്യയിലാണ്.