പരസ്പരം കുരിശ് വഹിച്ചുകൊണ്ട് മറ്റൊരു ശിമയോനായിത്തീരാം: ഓശാന ഞായർ സന്ദേശത്തിൽ മാർപാപ്പ

പരസ്പരം കുരിശ് വഹിച്ചുകൊണ്ട് മറ്റൊരു ശിമയോനായിത്തീരാം: ഓശാന ഞായർ സന്ദേശത്തിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: പീഡാനുഭവവാരത്തിൽ കർത്താവിന്റെ അതിരില്ലാത്ത അനുകമ്പയെക്കുറിച്ച് ധ്യാനിക്കാൻ ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ. ഈ വിശുദ്ധവാരത്തിൽ സ്വന്തം കുരിശ് ചുമക്കേണ്ടതെങ്ങനെയെന്നും തങ്ങളുടെ സഹനങ്ങളുടെ കുരിശു വഹിക്കുന്ന ചുറ്റുമുള്ളവരെ സഹായിക്കേണ്ടതെങ്ങനെയെന്നും നാം പഠിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഓശാനഞായർ ദിനത്തിനുവേണ്ടി തയ്യാറാക്കിയ തന്റെ പ്രസംഗത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്. യേശുവിന്റെ കുരിശുവഹിക്കാൻ സഹായിച്ച കിറേനേക്കാരൻ ശിമയോനെ അനുകരിച്ച്, കുരിശിൻ്റെ പാതയിലൂടെ സഞ്ചരിക്കണമെന്ന് പരിശുദ്ധ പിതാവ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

കർദിനാൾ തിരുസംഘത്തിൻ്റെ ഉപാധ്യക്ഷനും അർജൻ്റീനക്കാരനുമായ കർദിനാൾ ലെയൊനാർദോ സാന്ദ്രിയാണ് ഓശാന ഞായറാഴ്ചത്തെ തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുകയും മാർപാപ്പയുടെ സന്ദേശം വായിക്കുകയും ചെയ്തത്. ചടങ്ങുകളിൽ നാൽപതിനായിരത്തോളം ആളുകൾ പങ്കെടുത്തു. വിശുദ്ധ കുർബാനയുടെ അവസാനം ഫ്രാൻസിസ് പാപ്പ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തുകയും വിശ്വാസികളെ അഭിവാദനം ചെയുകയും ചെയ്തു.

ജെറുസലേമിൽ പ്രവേശിച്ച യേശുവിനെ ജനക്കൂട്ടം സാഘോഷം വരവേറ്റതിനെ പാപ്പാ തൻ്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. എന്നാൽ, ഏതാനും ദിവസങ്ങൾക്കകം മരണത്തിനു വിധിക്കപ്പെട്ട്, വേദനയും വ്യാകുലവും നിറഞ്ഞ വഴിയിലൂടെ കുരിശും വഹിച്ചുകൊണ്ട് അവിടുന്ന് ആ നഗരത്തിന് വെളിയിലേക്ക് പോകേണ്ടിയിരുന്നു.

കിറേനേക്കാരൻ ശിമയോൻ

അന്നു വായിക്കപ്പെട്ട സുവിശേഷഭാഗത്തുള്ള കിറേനേക്കാരൻ ശിമയോൻ എന്ന വ്യക്തിയെയാണ് പരിശുദ്ധ പിതാവ് തുടർന്ന് ധ്യാനവിഷയമാക്കിയത്. റോമൻ പടയാളികളുടെ ഭീഷണിക്കു വഴങ്ങി അയാൾ കുരിശു ചുമക്കാൻ നിർബന്ധിക്കപ്പെട്ടു. മനസോടെയല്ലെങ്കിലും യേശുവിന്റെ പീഡാനുഭവങ്ങളിൽ അയാൾ വ്യക്തിപരമായി പങ്കുചേർന്നു. അങ്ങനെ, യേശുവിന്റെ കുരിശ് ശിമയോന്റേതുമായി. വാക്കുകൾകൊണ്ടല്ല, കേവലം മരക്കുരിശുകൊണ്ടാണ് യേശുവും ശിമയോനും തമ്മിൽ സംഭാഷണം നടന്നത് - മാർപാപ്പ വ്യക്തമാക്കി.

രക്ഷാകര ചരിത്രത്തിൽ ശിമയോൻ്റെ സ്ഥാനം

കുരിശുവഹിക്കാൻ നിർബന്ധിക്കപ്പെട്ട ശിമയോൻ്റെ ഹൃദയത്തിൽ യേശുവിനോട് അനുകമ്പ തോന്നിയിരുന്നോ എന്ന് നമുക്ക് അറിഞ്ഞുകൂടാ. ശിമയോന് ദേഷ്യമോ സഹതാപമോ അനുകമ്പയോ അസഹ്യതയോ അനുഭവപ്പെട്ടിരുന്നിരിക്കാം... അതേക്കുറിച്ച് നമുക്കറിയില്ല. എന്നാൽ, മനുഷ്യ പാപങ്ങളുടെ പരിഹാരമായി ക്രിസ്തു സ്വയം ഏറ്റെടുത്ത കുരിശ് ശിമയോൻ അല്പനേരമെങ്കിലും വഹിച്ചു എന്ന കാര്യം നമുക്കറിയാം. മനുഷ്യഹൃദയം അടഞ്ഞതാണെങ്കിലും, വേദനയാൽ കുത്തിതുളയ്ക്കപ്പെട്ട ദൈവത്തിന്റെ ഹൃദയം എപ്പോഴും തുറക്കപ്പെട്ടതാണ് - മാർപാപ്പ വിശദീകരിച്ചു.

നമ്മോടുള്ള സ്നേഹത്തെപ്രതിയും പിതാവിനോടുള്ള അനുസരണത്തെപ്രതിയുമാണ് അവിടുന്ന് കുരിശു വഹിക്കുകയും സഹനങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്. എന്നാൽ അപ്രതീക്ഷിതവും ആശ്ചര്യകരവുമായ വിധത്തിൽ കിറേനേക്കാരൻ ശിമയോൻ രക്ഷാകര ചരിത്രത്തിന്റെ ഭാഗമായിത്തീർന്നു. ഇതിൽനിന്ന് നാം മനസ്സിലാക്കേണ്ടത്, ആരും അന്യരോ പരദേശികളോ അല്ല എന്ന കാര്യമാണ്.

അന്യോന്യം കുരിശുവഹിക്കാൻ സഹായിക്കുക

ശിമയോൻ്റെ കാലടികൾ പിഞ്ചെല്ലാൻ നമുക്ക് ഓരോരുത്തർക്കും എങ്ങനെ സാധിക്കും എന്ന് നാം ചിന്തിക്കണം. യേശു എല്ലാവരെയും ഏതു സാഹചര്യങ്ങളിലും കണ്ടുമുട്ടാനായി എത്തുന്നവനാണ്. വിദ്വേഷവും അക്രമവും മൂലം അനേകം സ്ത്രീപുരുഷന്മാരാണ് ഇന്ന് കാൽവരി യാത്ര ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്. ദൈവം ഒരുക്കിയ രക്ഷയുടെ പാത തന്നെയാണ് അത്... കാരണം, അവിടുന്ന് ആ പാതയിലൂടെയാണ് സഞ്ചരിച്ചത്... യേശു ആ വഴിയിലൂടെ നടക്കുകയും
തന്റെ ജീവൻ നമുക്കായി പങ്കുവച്ചു നൽകുകയും ചെയ്തു.

സ്വന്തം തോളിൽ കുരിശുവഹിക്കുന്ന എത്ര ശിമയോൻമാരാണ് ഇന്നുമുഉള്ളത്! അവരെ നാം തിരിച്ചറിയുന്നുണ്ടോ? യുദ്ധവും ഇല്ലായ്മകളും തകർത്തുകളഞ്ഞവരുടെ മുഖം നാം ശ്രദ്ധിക്കുന്നുണ്ടോ? തിന്മ മൂലമുള്ള അനീതികൾ നേരിടേണ്ടിവരുമ്പോൾ ക്രിസ്തുവിൻ്റെ കുരിശ് നാം വൃഥാ ചുമക്കുകയല്ലെന്ന് മനസ്സിലാക്കണം. മറിച്ച്, നമ്മോടുള്ള അവിടുത്തെ രക്ഷാകരസ്നേഹം അടുത്തനുഭവിക്കുകയാണ് ചെയ്യുന്നത്.

യേശുവിന്റെ പീഡാനുഭവം അനുകമ്പയിലൂടെ പ്രകടമാക്കണം

ദുരിതമനുഭവിക്കുന്നവർക്കുനേരെ കരങ്ങൾ നീട്ടുമ്പോൾ, വീണവരെ കൈപിടിച്ചുയർത്തുമ്പോൾ, ഭഗ്നാശരായവരെ ആശ്ലേഷിക്കുമ്പോൾ യേശുവിന്റെ പീഡാനുഭവം നമ്മുടെ അനുകമ്പയിലൂടെ ഇന്നും നാം പ്രകടിപ്പിക്കുകയാണെന്ന് മാർപാപ്പ വിശദീകരിച്ചു. അവസാനമായി, നമ്മുടെ മാത്രമല്ല, നമ്മുക്ക് ചുറ്റുമുള്ള കഷ്ടപ്പാടനുഭവിക്കുന്ന മറ്റുള്ളവരുടെയുംകൂടി കുരിശുകൾ വഹിച്ചുകൊണ്ട് 'ദൈവകരുണയുടെ വലിയ അത്ഭുതത്തെ' ഈ വിശുദ്ധവാരത്തിൽ നമുക്ക് അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യാം. നാം കണ്ടുമുട്ടുന്ന അപരിചിതരായവരുടെപോലും കുരിശു വഹിക്കാൻ സന്നദ്ധരായി, നമുക്ക് പരസ്പരം മറ്റൊരു ശിമയോനായിത്തീരാം...

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.