ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ തൻ്റെ അന്ത്യവിശ്രമത്തിനായി സാന്താ മരിയ മേജർ ബസിലിക്ക തിരഞ്ഞെടുത്തിരിക്കുന്നു. മാർപാപ്പമാരെ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ അടക്കം ചെയ്യുന്ന നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിൽ നിന്നുള്ള ഈ വ്യതിചലനം പരിശുദ്ധ കന്യകാമറിയത്തോടുള്ള അദേഹത്തിൻ്റെ അഗാധമായ ഭക്തിയും ഈ പുരാതന ബസിലിക്കയോടുള്ള പ്രത്യേക അടുപ്പവും വ്യക്തമാക്കുന്നു. സാന്താ മരിയ ബസിലിക്കയുടെ ആത്മീയ പ്രാധാന്യവും മാർപാപ്പയുടെ എളിമയുടെ ആഴവും ഈ തിരഞ്ഞെടുപ്പിലൂടെ പ്രകടമാകുന്നുണ്ട്.
റോമിലെ സാന്താ മരിയ മേജർ ബസിലിക്ക വിശ്വാസം, കല, ചരിത്രം എന്നിവയുടെ മഹനീയമായ സാക്ഷ്യമായി നിലകൊള്ളുന്നു. നാല് പ്രധാന പേപ്പൽ ബസിലിക്കകളിൽ ഒന്നായ ഇത് ക്രൈസ്തവ ലോകത്ത് സവിശേഷവും വിലപ്പെട്ടതുമായ സ്ഥാനമാണ് വഹിക്കുന്നത്. റോമിലെ ഈ നാല് പ്രധാന പാപ്പൽ ബസിലിക്കകൾ ഇവയാണ്:
● വത്തിക്കാൻ സിറ്റിയിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്ക
● സെൻ്റ് ജോൺ ലറ്ററൻ്റെ ആർച്ച്ബസിലിക്ക
● സെൻ്റ് പോൾസ് ബസിലിക്ക
● സെൻ്റ് മേരി മേജർ ബസിലിക്ക, റോം
ചരിത്രപരമായ പ്രാധാന്യവും മാർപാപ്പ നൽകിയിട്ടുള്ള പ്രത്യേക പദവികളും കൊണ്ട് വേർതിരിഞ്ഞുനിൽക്കുന്ന ഈ ബസിലിക്കകൾ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും നൂറ്റാണ്ടുകളായുള്ള മാതൃഭക്തിയുടെ പ്രതീകങ്ങളുമാണ്.
ബസിലിക്ക എന്ന പദത്തിന് തന്നെ ഒരു നിലയും വിലയുമുണ്ട്. പുരാതന റോമിൽ ബസിലിക്ക നിയമ കോടതികൾക്കും മറ്റ് പൊതു കാര്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ഒരു കെട്ടിടമായിരുന്നു. എന്നിരുന്നാലും ക്രിസ്തുമതത്തിൻ്റെ വളർച്ചയോടെ ഈ പദം വലുതും പ്രാധാന്യമേറിയതുമായ ദേവാലയങ്ങൾക്കായി സ്വീകരിക്കപ്പെട്ടു.
ഇന്ന് ഒരു ബസിലിക്ക എന്നത് മാർപാപ്പ പ്രത്യേക സഭാപരമായ പദവികൾ നൽകിയിട്ടുള്ള ഒരു ദേവാലയമാണ്. ഈ പദവികളിൽ പാപ്പൽ ചിഹ്നങ്ങളായ ഓംബ്രെല്ലിനോ (ഒരു പ്രത്യേക തരാം മുത്തികൊട), ടിൻ്റിന്നാബുലം (ഒരു ചെറിയ മണി) എന്നിവ പ്രദർശിപ്പിക്കാനുള്ള അവകാശവും മറ്റ് പള്ളികളെ അപേക്ഷിച്ച് പ്രത്യേക മുൻഗണനയും നൽകുന്നു.
ഈ വ്യത്യാസങ്ങൾക്കപ്പുറം പേപ്പൽ ബസിലിക്കകൾക്ക് ആഴമായ പ്രതീകാത്മക അർത്ഥമുണ്ട്. ചരിത്രത്തിലുടനീളം സഭയുടെ നിലനിൽപ്പിനെ അവ പ്രതിനിധീകരിക്കുന്നു. അവയുടെ ഗംഭീരമായ വാസ്തുവിദ്യയും സങ്കീർണമായ കലാസൃഷ്ടികളും സഹസ്രാബ്ദങ്ങളായുള്ള വിശ്വാസത്തിൻ്റെയും ഭക്തിയുടെയും കഥകൾ പറയുന്നു. അവ പ്രാർത്ഥന, തീർത്ഥാടനം, പ്രധാന ആരാധനപരമായ സംഭവങ്ങളുടെ ആഘോഷങ്ങൾ എന്നിവയുടെ കേന്ദ്രങ്ങളാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യവിശ്രമത്തിനായി ഒരുങ്ങുമ്പോൾ സാന്താ മരിയ മേജർ ബസലിക്കക്ക് പ്രധാന്യം വർധിക്കുന്നു. മാർപാപ്പയുടെ ഭരണകാലത്തിൻ്റെ തുടക്കം മുതൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി പ്രകടമായിരുന്നു. 2013-ൽ തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം "റോമൻ ജനതയുടെ സംരക്ഷക" എന്ന് അർത്ഥം വരുന്ന സാലസ് പോപ്പുലി റോമാനിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാൻ അദേഹം സാന്താ മരിയ മേജറിലേക്ക് ഒരു അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു.
പാപ്പ ഇതിനോടകം നൂറിലധികം തവണ ബസിലിക്ക സന്ദർശിച്ചിട്ടുണ്ട്. പലപ്പോഴും തൻ്റെ അന്താരാഷ്ട്ര യാത്രകൾക്ക് മുമ്പും ശേഷവും അതുപോലെ സുപ്രധാന ചടങ്ങുകളിസ്‍ പങ്കെടുക്കുന്നതിന് മുൻപും പാപ്പ ഇവിടെയെത്തി പ്രാർത്ഥിച്ചിരുന്നു. ഈ ബസിലിക്കയിലെ അമ്മയുടെ ചിത്രത്തിന് മുൻപിൽ പ്രാർത്ഥിച്ച് നിൽക്കുന്ന പാപ്പയുടെ ഫോട്ടോ പല തവണ വത്തിക്കാൻ ന്യൂസ് പുറത്തുവിട്ടുണ്ട്.
ഈ മരിയൻ ബസിലിക്ക ചരിത്രത്തിലും ഐതിഹ്യത്തിലും ആഴത്തിൽ വേരൂന്നിയതാണ്. 432 CE-ൽ പോപ്പ് സിക്സ്റ്റസ് മൂന്നാമനാണ് ബസലിക്ക സ്ഥാപിച്ചത്. 431 -ലെ എഫേസസ് കൗൺസിലിനെ ഇത് അനുസ്മരിക്കുന്നുണ്ട്.
ബസലിക്കയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യം ഇങ്ങനെയാണ്; ഓഗസ്റ്റിൽ അത്ഭുതകരമായി മഞ്ഞ് പെയ്യുന്ന സ്ഥലത്ത് ഒരു പള്ളി പണിയാൻ പരിശുദ്ധ കന്യകാ മറിയം പോപ്പ് ലിബേരിയസിനും ഒരു റോമൻ ദമ്പതികൾക്കും സ്വപ്നത്തിൽ നിർദേശം നൽകി. ഓഗസ്റ്റ് അഞ്ചിന് എസ്‌ക്വിലിൻ കുന്നിൽ അത്ഭുതകരമായി മഞ്ഞ് പെയ്തത് ബസിലിക്കയുടെ നിർമാണത്തിലേക്ക് നയിച്ചു. ഈ സംഭവം ഇപ്പോഴും വർഷം തോറും അനുസ്മരിക്കപ്പെടുന്നുമുണ്ട്.
സാന്താ മരിയ മജോറെ വിശ്വാസത്തിൻ്റെ സാക്ഷ്യം മാത്രമല്ല കലയുടെയും വാസ്തു വിദ്യയുടെയും നിധി കൂടിയാണ്. 14-ാം നൂറ്റാണ്ടിലെ റോമൻസ്‌ക് ഗോപുരം, നവോത്ഥാന കാലഘട്ടത്തിലെ ഖജനാ സീലിംഗ്, 18-ാം നൂറ്റാണ്ടിലെ ബറോക്ക് മുഖപ്പ് വരെ വിവിധ ശൈലികളുടെ മനോഹരമായ സംയോജനം തുടങ്ങിയവ ബസലിക്കയുടെ ഘടനയിൽ കാണാം.
ദേവാലയത്തിന് അകത്തെ അഞ്ചാം നൂറ്റാണ്ടിലെ റോമിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്തീയ മൊസൈക്കുകളിൽ ചിലത് പഴയ നിയമത്തിലെയും ക്രിസ്തുവിൻ്റെ ജീവിതത്തിലെയും ആകർഷകമായ രംഗങ്ങൾ വിവരിക്കുന്നുണ്ട്. "റോമൻ ജനതയുടെ സംരക്ഷക" എന്ന് അർത്ഥം വരുന്ന സാലസ് പോപ്പുലി റോമാനിയുടെ വിലമതിക്കാനാവാത്ത പ്രതിമയും ഇവിടെയുണ്ട്. ഇത് അത്ഭുതകരമായ ശക്തികളുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കന്യകാമറിയത്തിൻ്റെ ബൈസൻ്റൈൻ ചിത്രമാണ്. പ്രധാന അൾത്താരയ്ക്ക് താഴെ യേശു ക്രിസ്തുവിൻ്റെ പുൽത്തൊട്ടിലിൽ നിന്നുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്ന തിരുശേഷിപ്പുകൾ അടങ്ങിയ നേറ്റിവിറ്റി ക്രിപ്റ്റും സ്ഥിതി ചെയ്യുന്നുണ്ട്.
സാന്താ മരിയ മജോറെയിൽ അടക്കം ചെയ്യാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനം അതിൻ്റെ പ്രാധാന്യം കൂടുതൽ ഉയർത്തുന്നു. തൻ്റെ അവസാന വിൽപപ്പത്രത്തിൽ "പ്രത്യേക അലങ്കാരങ്ങളൊന്നുമില്ലാതെ നിലത്ത്," ലത്തീനിൽ "ഫ്രാൻസിസ്കസ്" എന്ന് മാത്രം രേഖപ്പെടുത്തി ഒരു ലളിതമായ ശവസംസ്കാരം പാപ്പ അഭ്യർത്ഥിച്ചിച്ചുണ്ട്.
പരമ്പരാഗത ട്രിപ്പിൾ-ശവപ്പെട്ടി സംസ്കാരം ഒഴിവാക്കി ഒരു സാധാരണ മരപ്പെട്ടിയാണ് പാപ്പ തിരഞ്ഞെടുത്തത്. ബസിലിക്കയ്ക്കുള്ളിലെ ഒരു പഴയ സംഭരണശാലയായിരുന്ന സ്ഥലം മൃതദേഹം സംസ്കരിക്കാനായി തിരഞ്ഞെടുത്തത് പാപ്പയുടെ എളിമയെയും നൂറ്റാണ്ടുകളായുള്ള പാപ്പൽ ആചാരങ്ങളിൽ നിന്നുള്ള വ്യതിയാനത്തെയും വ്യക്തമായി സൂചിപ്പിക്കുന്നു.
സെൻ്റ് പീറ്റേഴ്സ് ബസിലിക്ക വത്തിക്കാൻ സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും സാന്താ മരിയ മജോറെ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പ്രധാന പാപ്പൽ ബസിലിക്കകളും റോമിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ ലാറ്ററൻ ഉടമ്പടി പ്രകാരം അവയ്ക്ക് അതിർത്തി കടന്നുള്ള പദവി ലഭിച്ചിട്ടുണ്ട്. ഈ പ്രധാന ബസിലിക്കകൾ റോമിലെ ഏക ബസിലിക്കകളോ വത്തിക്കാനുമായി ബന്ധപ്പെട്ടതോ അല്ല. ചരിത്രപരമായ പ്രാധാന്യം വാസ്തുവിദ്യാ സൗന്ദര്യം, ആരാധനാ കേന്ദ്രമെന്ന നിലയിലുള്ള പ്രാധാന്യം എന്നിവ കാരണം മാർപാപ്പ പ്രത്യേക പദവികൾ നൽകിയിട്ടുള്ള "ചെറിയ ബസിലിക്കകളും" ഉണ്ട്.
സാന്താ മരിയ മജോറെയെ തൻ്റെ അന്ത്യവിശ്രമ സ്ഥാനമായി തിരഞ്ഞെടുക്കുന്നതിലൂടെ ഫ്രാൻസിസ് മാർപാപ്പ തൻ്റെ പരിശുദ്ധ കന്യകാമറിയത്തോടുള്ള അഗാധമായ ഭക്തിയെ ആദരിക്കുക മാത്രമല്ല, എളിമയുടെയും ലാളിത്യത്തിൻ്റെയും ശക്തമായ ഒരു സന്ദേശം അവശേഷിപ്പിക്കുകയും ചെയ്യുന്നു - ഇത് കത്തോലിക്കാ സഭയുടെ നേതാവെന്ന നിലയിൽ അദേഹത്തിൻ്റെ ശ്രദ്ധേയമായ ഭരണകാലത്തെ നിർവചിച്ച മൂല്യങ്ങളാണ്.
വിശ്വാസത്തിൻ്റെയും ചരിത്രത്തിൻ്റെയും ഇതിഹാസമായിരുന്ന ബസിലിക്ക പ്രിയപ്പെട്ട മാർപാപ്പയുടെ അവസാന ഭൗമിക ഭവനവുമാകുന്നു. പാപ്പായുടെ പൈതൃകത്തെ ബസലിക്ക അതിന്റെ വിശുദ്ധമായ ചുവരുകളുമായി എന്നെന്നേക്കുമായി ബന്ധിപ്പിക്കും.